മറ്റ് യാത്രക്കാർക്കും ഭീഷണിയാകുന്ന ശീലം
കൊല്ലം: നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ മാറുന്നതിന് മുമ്പ് അമിതവേഗതയിൽ മറികടക്കാൻ ശ്രമിക്കുന്നതിലൂടെ അപകടത്തിൽപ്പെടുന്നവരുടെ എണ്ണമേറുന്നു. അൽപ്പസമയം കാത്തുനിൽക്കാൻ മനസില്ലാതെ അമിതാവേശം കാട്ടുന്ന ഇത്തരക്കാർ സ്വന്തം ജീവനൊപ്പം മറ്റ് യാത്രക്കാർക്കും ഭീഷണി ഉയർത്തുകയാണ്.
ഇത്തരത്തിൽ സിഗ്നൽ മറികടക്കുന്നവർ ചില്ലറപൊല്ലാപ്പൊന്നുമല്ല ഉണ്ടാക്കുന്നത്. കൂടുതലും യുവാക്കളാണെങ്കിലും മുതിർന്നവരിൽ ചിലരും ഇക്കാര്യത്തിൽ പിന്നോട്ടല്ല. ഒന്നോ രണ്ടോ സെക്കൻഡുകൾ ലാഭിക്കാനായി വേഗതയിൽ വാഹനം ഓടിക്കുമ്പോൾ തട്ടലു മുട്ടലും വീഴലും പതിവാണ്.സിഗ്നൽ പോസ്റ്റുകളിൽ ടൈമറുകൾ ഉള്ളതാണ് ഇത്തരക്കാർക്ക് കൂടുതൽ സഹായകരമാകുന്നത്. പൊലീസ് പോയിന്റ് ഡ്യൂട്ടി ശക്തിപ്പെടുത്തുകയും എല്ലാ സിഗ്നൽ ജംഗ്‌ഷനുകളിലും കാമറകൾ സ്ഥാപിക്കുകയും ചെയ്ത് ഇത്തരക്കാർക്ക് കടിഞ്ഞാണിടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ബോധവത്കരണം മുറപോലെ, ഫലമില്ലെന്ന് മാത്രം
പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ബോധവത്കരണവും ക്ലാസുകളുമൊക്കെ മുറപോലെ നടക്കുന്നുണ്ടെങ്കിലും നഗരത്തിൽ ഇതൊന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. മിക്ക ജംഗ്‌ഷനുകളിലും പോയിന്റ് ഡ്യൂട്ടിക്ക് പൊലീസുകാരുണ്ടെങ്കിലും ഈ പ്രവണത തടയാൻ പര്യാപ്തമല്ല. നഗരത്തിലെ ചിലയിടങ്ങളിൽ കാമറകൾ ഇത്തരക്കാരെ കുടുക്കുന്നുണ്ടെങ്കിലും ബൈപ്പാസിൽ സാദ്ധ്യമാകുന്നില്ല.
പിഴ 1000 രൂപ
കൃത്യമായ സിഗ്നൽ ലൈറ്റുകൾ തെളിയുന്നതിന് മുമ്പ് വാഹനം മറികടക്കുന്നത് 1000 രൂപ പിഴയീടാക്കാവുന്ന കുറ്റമാണ്. നേരത്തെ ഇത് 100 മുതൽ 300 രൂപ വരെ മാത്രമായിരുന്നു.