ksrtc

ചാത്തന്നൂർ: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റുകൾ പ്രത്യേക കമ്പനിയാക്കുന്നതിൽ തീരുമാനമായതോടെ പാരിപ്പള്ളിയിൽ ഫെയർസ്റ്റേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. നിലവിൽ കൊല്ലം കഴിഞ്ഞാൽ ചാത്തന്നൂരിൽ മാത്രമാണ് സൂപ്പർഫാസ്റ്റ് സർവീസുകൾക്ക് ഫെയർസ്റ്റേജുള്ളത്. ആറ്റിങ്ങലാണ് അടുത്ത ഫെയർസ്റ്റേജ്.

നിലവിൽ കൊല്ലം ഭാഗത്തുനിന്ന് വരുന്നവർ പാരിപ്പള്ളിയിൽ ഇറങ്ങണമെങ്കിലും ആറ്റിങ്ങലിലേക്കാണ് ടിക്കറ്റെടുക്കേണ്ടത്. ഇതുമൂലം 20 കിലോമീറ്ററിന്റെ പണം അധികമായി കൊടുക്കേണ്ട ഗതികേടിലാണ് യത്രക്കാർ. തിരുവനന്തപുരം ഭാഗത്തുനിന്ന് പാരിപ്പള്ളിയിൽ ഇറങ്ങേണ്ടവർ പത്ത് കിലോമീറ്റർ അകലെ ചാത്തന്നൂരിലേക്കുള്ള ടിക്കറ്റ് ചാർജ് നൽകണം. 31 വർഷമായി തുടരുന്ന ഈ പകൽക്കൊള്ള സൂപ്പർ ക്ലാസ് ബസുകൾ പ്രത്യേക കമ്പനിക്ക് കീഴിലാക്കുന്ന സാഹചര്യത്തിലെങ്കിലും ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കൊല്ലം - തിരുവനന്തപുരം ദേശീയപാതയിൽ വളർച്ചാനിരക്ക് കൂടുതലുള്ള പട്ടണങ്ങളിലൊന്ന് എന്നതിലുപരി തിരുവനന്തപുരം ജില്ലയിൽ നിന്ന് കൊല്ലത്തേയ്ക്കുള്ള പ്രവേശനകവാടവും പാരിപ്പള്ളിയിലാണ്.

പാരിപ്പള്ളിയിൽ നിന്ന് പോകാവുന്ന പ്രധാന സ്ഥലങ്ങൾ

 ദേശീയ തീർത്ഥാടന കേന്ദ്രമായ ശിവഗിരി
 അന്തർദ്ദേശീയ ടൂറിസം കേന്ദ്രവും ബലിതർപ്പണ കേന്ദ്രവുമായ വർക്കല പാപനാശം
 ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ ചടയമംഗലം
 തീരദേശ വ്യാപാര കേന്ദ്രമായ പരവൂർ

 ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ആനത്താവളമായ പുത്തൻകുളം
 തീർത്ഥാടന കേന്ദ്രങ്ങളായ കൊട്ടാരക്കര, കുളത്തൂപ്പുഴ എന്നിവിടങ്ങൾ