kilavan
വീടുവിട്ടിറങ്ങിയ വയോധികനെ ഡി.വൈ.എഫ്.ഐയും ട്രാക്കും ചേർന്ന് വീട്ടിലെത്തിക്കുന്നു

കൊല്ലം: ഓർമ്മ നഷ്ടപ്പെട്ട് നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് സഹായഹസ്തമേകി ഡി.വൈ.എഫ്.ഐയും ട്രാക്കും. കടയ്ക്കൽ സ്വദേശിയായ ഇടിക്കുള ജോസഫാണ് (92) മകനുമായി പിണങ്ങി വീടുവിട്ടിറങ്ങി നഗരത്തിലെത്തിയത്. തിരികെ വീട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ ആശ്രാമം മൈതാനത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന ജോസഫിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ബോബി, ആൻഡ്രൂസ് എന്നിവരാണ് കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാജേഷിന്റെ നിർദ്ദേശപ്രകാരം ഇവർ ട്രാക്ക് വാളണ്ടിയർമാരുമായി ബന്ധപ്പെട്ടു.

തുടർന്ന്‌ ജോർജ് സേവ്യർ, വെഹിക്കിൾ ഇൻസ്‌പെക്ടർ ശരത്ചന്ദ്രൻ എന്നിവർ ഇടപെട്ട് ട്രാക്കിന്റെ ആംബുലൻസ് ഏർപ്പാടാക്കി. തെക്കേവിള ഡിവിഷൻ കൗൺസിലർ ടി.പി. അഭിമന്യു, ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ളോക്ക് കമ്മിറ്റിയംഗം ആനന്ദവിഷ്ണു, യൂണിറ്റ് ഭാരവാഹിയായ അഖിൽ ബാബു എന്നിവർ ചേർന്ന് ജോസഫിനെ ആംബുലൻസിൽ കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

കൺട്രോൾ റൂം എസ്.ഐ ഷാജു, പൊലീസ് ഉദ്യാഗസ്ഥരായ ഷംനാദ്, ഷിനു, കടയ്ക്കൽ പഞ്ചായത്ത് അംഗം പ്രിജിത്, ട്രാക്ക് ആംബുലൻസ് ഡ്രൈവർ അമീൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ ജോസഫിന്റെ ബന്ധുക്കളെ കണ്ടെത്തുകയും വീട്ടിലെത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മകനുമായി ബന്ധപ്പെട്ട് സംരക്ഷണവും ചികിത്സയും ഉറപ്പാക്കിയതായി കടയ്ക്കൽ പൊലീസ് അറിയിച്ചു.