youth
ചിന്നക്കടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.ബി. ഗണേശ് കുമാർ എം.എൽ.എയെ പ്രതീകാത്മകമായി ചങ്ങലയ്ക്കിട്ട് നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുകയാണെന്ന് ആരോപിച്ച് കെ.ബി. ഗണേശ് കുമാർ എം.എൽ.എയെ പ്രതീകാത്മകമായി ചങ്ങലയ്ക്കിട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ചിന്നക്കടയിൽ പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചതോടെ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പത്തനാപുരത്ത് ഗുണ്ടകളുടെ അകമ്പടിയോടെ സഞ്ചരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാരീരികമായി ആക്രമിക്കുന്ന എം.എൽ.എയ്ക്ക് മദം പൊട്ടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അസംബ്ലി പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ നവാസ് റഷാദി, ഒ.ബി. രാജേഷ്, കൗശിക് എം. ദാസ്, ഷാജഹാൻ പാലയ്ക്കൽ, ബിച്ചു കൊല്ലം, അയത്തിൽ ശ്രീകുമാർ, ശരത് കടപ്പാക്കട, ഷെഹൻഷാ, ഹർഷാദ്, സച്ചിൻ പ്രതാപ്, ഉളിയക്കോവിൽ ഉല്ലാസ്, മഹേഷ് മനു, ഷാരൂഖ്, ഷിബു കടവൂർ, സൈദലി, അഫ്‌സൽ തുടങ്ങിയവർ സംസാരിച്ചു.