bharani-agency

തെന്മല: കേരള ഭാഗ്യക്കുറിയുടെ ക്രിസ്‌മസ് - പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ ആര്യങ്കാവിലെ ഭരണി ഏജൻസി വിറ്റ എക്‌സ്.ജി 358753 ടിക്കറ്റിന്. ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് മുഹമ്മദ് യാസിൻ നടത്തുന്ന ഹോൾസെയിൽ ഏജൻസിയായ എൻ.എം.കെയിൽ നിന്നാണ് തെങ്കാശി സ്വദേശിയായ വെങ്കിടേശിന്റെ ഭരണി ഏജൻസിക്ക് സമ്മാനാർഹമായ ടിക്കറ്റ് കിട്ടിയത്. മറ്റ് നിരവധി സമ്മാനങ്ങൾ 18 വർഷത്തിനിടെ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഭാഗ്യം തന്റെ കൈയിലൂടെ കടന്നുപോയതിന്റെ സന്തോഷത്തിലാണ് വെങ്കിടേശ്.

തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകരോ ലോറി ഡ്രൈവർമാരോ ആകാം ടിക്കറ്റ് വാങ്ങിയതെന്നാണ് കരുതുന്നത്. ഏജൻസി കമ്മിഷനായി ലഭിക്കുന്ന തുക സ്ഥാപനം വിപുലീകരിക്കാൻ ഉപയോഗിക്കുമെന്ന് വെങ്കിടേശ് പറഞ്ഞു.

തിരുവനന്തപുരം ഗോർക്കി ഭവനിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. 300 രൂപയായിരുന്നു ടിക്കറ്റ് വില. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ആറ് ബമ്പർ ലോട്ടറികളിൽ ഒന്നാണ് ക്രിസ്‌മസ് ​​-​ പുതുവത്സര ബമ്പർ. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്.