ബൈപ്പാസ് പുതിയ വിവാദത്തിലേയ്ക്ക്
കൊല്ലം: ബൈപ്പാസിൽ ടോൾ പിരിക്കാൻ കരാറുകാർ തയ്യാറായിരിക്കെ ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ അനുമതി നൽകുകയുള്ളൂവെന്ന് കളക്ടറും വ്യക്തമാക്കി.
ബുധനാഴ്ചയോടെ ടോൾ പിരിവ് ആരംഭിക്കാനുള്ള തരത്തിലാണ് കരാറുകാരുടെ പ്രവർത്തനം. ടോൾ പിരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സ്ഥിതിക്ക് ജില്ലാകളക്ടറുടെ തീരുമാനം വൈകുമെന്നത് പുതിയ വിവാദങ്ങൾക്ക് വഴിവച്ചേയ്ക്കും.
ടോൾ ബൂത്തിൽ ജോലി ചെയ്യുന്നതിനായി ഇരുപത്തഞ്ചോളം തത്കാലിക ജീവനക്കാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്കുള്ള പരിശീലനം പൂർത്തിയായി. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ടോൾ ബൂത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ജോലികൾക്ക് പതിനഞ്ചോളം പേരെയും ചുമതലപ്പെടുത്തി.
ഹരിയാന ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കാണ് ടോൾ പിരിവിന്റെ കരാർ നൽകിയിരിക്കുന്നത്. പ്രതിവർഷം 11.5 കോടിരൂപ ടോൾ ഇനത്തിൽ പിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമരം ശക്തമാകും
ടോൾ പിരിവ് ആരംഭിക്കുന്ന ദിവസം തന്നെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ബൈപ്പാസ് വേദിയാകും. വിവിധ രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്ന സമരങ്ങൾ അക്രമത്തിലേക്ക് തിരിയാനും സാദ്ധ്യതയുണ്ട്. ടോൾ പിരിവിന് സംസ്ഥാന സർക്കാർ അനുകൂലമല്ലെങ്കിലും ബൈപ്പാസിലെ സമരങ്ങൾ തലവേദനയാകും.
''
ബൈപ്പാസിന് സമാന്തരമായി സർവീസ് റോഡുകളില്ലാത്തതിനാൽ ടോൾ പിരിവ് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ആറുവരി പാതയാക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. 56 ഇടറോഡുകൾ ബൈപ്പാസിലേയ്ക്ക് വന്നുചേരുന്നുണ്ട്. ഈ സാങ്കേതികത്വം മുൻനിറുത്തി ടോൾ പിരിവ് നിറുത്തിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണം. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഢ്കരിക്ക് കത്ത് നൽകും.
എൻ.കെ. പ്രേമചന്ദ്രൻ എം.പി