c
ഓപ്പറേഷൻ സ്ക്രീനിന്റെ ഭാഗമായി വാഹനങ്ങളുടെ ഗ്ലാസിൽ നിന്ന് കൂളിംഗ് പേപ്പറുകൾ നീക്കം ചെയ്യുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. കൊല്ലം ബൈപ്പാസ് നിന്നുള്ള കാഴ്ച

ജില്ലയിൽ 111 വാഹനങ്ങൾക്ക് പിഴ

കൊല്ലം: സൺഫിലിമും കർട്ടനും ഉപയോഗിച്ച് ഗ്ലാസുകൾ മറയ്ക്കുന്ന വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ 'ഓപ്പറേഷൻ സ്ക്രീൻ' പരിശോധനയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിശോധനയിൽ സർക്കാർ വാഹനങ്ങളും പരിശോധിക്കും.

ജില്ലയിലെ എട്ട് ഭാഗങ്ങളിലായി ഇന്ന നടന്ന പരിശോധനയിൽ 111 വാഹനങ്ങൾക്ക് പിഴ ഈടാക്കി. ചില വാഹനങ്ങളിലെ സൺഫിലിം ഉദ്യോഗസ്ഥർ നീക്കം ചെയ്തു. പിഴ അടച്ച മറ്റ് വാഹനങ്ങൾ മൂന്ന് ദിവസത്തിനകം നീക്കം ചെയ്ത് വാഹനം പരിശോധനയ്ക്ക് ഹാജരാക്കണം. സൺ ഫിലിം ഒട്ടിച്ചതിന് 250 രൂപയും കോടതി ഉത്തരവ് ലംഘിച്ചതിന് 1,000 രൂപയും ഉൾപ്പെടെ 1,250 രൂപ വീതമാണ് പിഴ ഈടാക്കിയത്. ജില്ലയിൽ നഗരം കേന്ദ്രീകരിച്ച് മോട്ടോർ വാഹനവകുപ്പിന്റെ രണ്ട് ടീമുകളും എം.സി റോഡിൽ രണ്ട്, കൊട്ടാരക്കര, കുന്നത്തൂർ, കരുനാഗപ്പള്ളി, പുനലൂർ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

സൺഫിലിം, കർട്ടൻ അനുവദനീയമല്ല

വാഹനങ്ങളിൽ ഏതുതരത്തിലുമുള്ള സൺഫിലിം അനുവദനീയമല്ല. അകത്തേയ്ക്കുള്ള കാഴ്ച മറക്കുന്ന തരത്തിലുള്ള കർട്ടനുകൾ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇവ നീക്കം ചെയ്യാൻ മടിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികളും മോട്ടോർ വാഹനവകുപ്പ് സ്വീകരിക്കും.

ടിന്റഡ് ഗ്ലാസ്‌ ഉപയോഗിക്കാം

അൻപത് ശതമാനം സുതാര്യമായ ടിന്റഡ് ഗ്ലാസുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നതിന് തടസമില്ല. പിൻവശത്തെ ഗ്ലാസുകളിൽ സുതാര്യത 70 ശതമാനം വരെയാകാം. പൂർണമായും കാഴ്ച മറയ്ക്കുന്ന കറുപ്പ് ടിന്റഡ് ഗ്ലാസുകൾ നിരോധിച്ചിട്ടുണ്ട്.