പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിക്ക് വേണ്ടി 68 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടം അവസാന മിനുക്ക്പണിയിൽ. ഇക്കഴിഞ്ഞ 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു.ഇനി മുഖ്യമന്ത്രിയുടെ സമയം ലഭിച്ചാൽ ഉടൻ സമർപ്പണ ചടങ്ങ് നടക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നിർമ്മാണ ജോലികൾ പൂർത്തിയാക്കിയ കെട്ടിട സമുച്ചയത്തിലെ ജനല്കളിൽ ഗ്ലാസ് ഘടിപ്പിക്കുന്ന ജോലികൾ മാത്രമാണ് ഇനി പൂർത്തിയാക്കാനുളളത്.അതിന്റെ നിർമ്മാണ ജോലികൾ ഒരാഴ്ചക്കുളളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് കരാറുകാരൻ പറഞ്ഞു.
2കോടി അനുവദിച്ചു.
നിലവിലെ പഴയ ആശുപത്രി കെട്ടിടം നില നിറുത്തിയാണ് പുതിയ കൂറ്റൻ കെട്ടിട സമുച്ചയം പണിതിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ മുന്നിൽ സ്ഥിതി ചെയ്തിരുന്ന പഴയ കെട്ടിടം കഴിഞ്ഞ മാസം പൊളിച്ച് നീക്കിയ ശേഷമാണ് പുതിയ ഗ്രൗണ്ട് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ മൾട്ടി കാർ പാർക്കിംഗിന് സൗകര്യം ഒരുക്കാൻ വേണ്ടി ഈ ബഡ്ജറ്റിൽ 2കോടി രൂപ അനുവദിച്ചു. പത്ത് നിലയും ശിതീകരിച്ച കെട്ടിട സമുച്ചയത്തിനുളിൽ സി.സി.ടി സ്കാനർ അടക്കമുളള അത്യാധുനിക ചികിത്സ ഉപകരണങ്ങളും സ്ഥാപിച്ചു .400 ഓളം രോഗികളെ കിടത്തി ചികിത്സിക്കാനുളള സംവിധാനങ്ങളാണ് പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുളളത്.
കൊവിഡ് നിർമ്മാണം മുടക്കി
ഒന്നര വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച ആശുപത്രി കെട്ടിടത്തിൻെറ പണികൾ കൊവിഡിനെ തുടർന്ന് നീണ്ട് പോകുകയായിരുന്നു. ഒരു ദിവസം 120 ഓളം തൊഴിലാളികളാണ് കെട്ടിടത്തിന്റെ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലഭിക്കുന്ന വിദഗ്ദ്ധ ചികിത്സകൾ പുനലൂരിലും ലഭ്യമാക്കാനാണ് ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.നിലവിലെ പഴയ ആശുപത്രി കെട്ടിടത്തിൽ രോഗികൾക്ക് ആവശ്യമായ സ്ഥല സൗകര്യങ്ങൾ ഇല്ലാത്തത് കണക്കിലെടുത്താണ് പുനലൂരിൽ പത്ത് നിലയുളള കൂറ്റൻ കെട്ടിടം പണിയാൻ ആരോഗ്യ വകുപ്പ് അധികൃതരെ പ്രേരിപ്പിച്ചത്.