udf
ബാരിക്കേഡ് തള്ളിക്കടക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ

പത്തനാപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം .പൊലീസും പ്രവർത്തകരുമായുള്ള ഉന്തിലും തള്ളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാജുഖാനടക്കം ഏഴ് പ്രവർത്തകർക്ക് പരിക്ക്.വെള്ളിയാഴ്ച വെട്ടിക്കവല പഞ്ചായത്തിൽ കോക്കാട് കോൺഗ്രസ് പ്രവർത്തകരെ കേരള കോൺഗ്രസ് ബി പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗണേശ് കുമാറിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. നെടുംമ്പറമ്പിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസിന് സമീപം വെച്ച് പൊലീസ് ബാരിക്കേട് വച്ച് തടയുകയായിരുന്നു. ബാരിക്കേട് മറികടന്ന് പോകാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. ഇത് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിനും ഉന്തിനും തള്ളിനും സംഘർഷത്തിനും ഇടയാക്കി. തുടർന്ന് പ്രവർത്തകർ പുനലൂർ മുവാറ്റുപുഴ റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം സാജൂഖാന് കാലുകൾക്കും തലയ്ക്കും ഗുരുതര പരിക്കേറ്റു.കെ.എസ്.യു സംസ്ഥാന സെക്രട്ടറി എം.ജെ യദുകൃഷ്ണൻ, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഷക്കിം, നേതാക്കളായ സജിത്ത് തുളസി, ഷിബു കടുവാ ത്തോട്, തൈസ് തുടങ്ങിയവർക്ക് പരിക്കേറ്റു. പരിക്കേറ്റവർ പത്തനാപുരം ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ സി. ആർ. നജീബ് ,ചെമ്പനരുവി മുരളി, രാധാമോഹൻ,ബാബു മാത്യു,ഷേക്പരീത്, വിഷ്ണു വിജയൻ, പളളിത്തോപ്പിൽ ഷിബു, ഫാറൂക്ക് മുഹമ്മദ്, ടിജു യോഹന്നാൻ ജെ.എൽ.നസീർ, സലിം സൈനുദ്ദീൻ,
എസ് .ഷക്കീം, യഥു കൃഷ്ണൻ,സജിത്ത് തുളസി, അജിത്ത് പട്ടാഴി, ഷിബു കടുവാത്തോട്, തൈസ് തുടങ്ങിയവർ പ്രതിഷേധത്തിന് നേത്യത്വം നൽകി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു. സംഭവത്തിൽ പത്തനാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്ന് ഹർത്താൽ

പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റി ഇന്ന് പത്തനാപുരം പഞ്ചായത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തു.