കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ത്രിതല സമിതികളിലെ അംഗങ്ങൾക്കായി 'വികേന്ദ്രീകരണവും തദ്ദേശ സ്വയംഭരണവും' എന്ന വിഷയത്തിൽ ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് മാർച്ചിൽ ആരംഭിക്കാൻ ധാരണയായി.
കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ), ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജി എന്നീ മൂന്ന് സ്ഥാപനങ്ങൾ സംയുക്തമായാണ് കോഴ്സ് നടത്തുക. വിശദാംശങ്ങൾ തയാറാക്കാൻ ടാസ്ക് ഫോഴ്സ് നിലവിൽവന്നു.
പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കൽ ചടങ്ങിൽ കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പി.എം. മുബാറക് പാഷ, കേരള സർവകലാശാല ഒഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.എസ്.വി. സുധീർ, രജിസ്ട്രാർ ഡോ.പി.എൻ. ദിലീപ്, ഡോ. വിനോദ്, ഡോ. ഷെർലി തുടങ്ങിയവർ സംസാരിച്ചു.