കൊല്ലം: കൊല്ലം - തേനി ദേശീയപാതയിൽ നവീകരണ ജോലികൾ ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാതെ കരാറുകാർ. കുണ്ടറ - അഞ്ചാലുംമൂട് റോഡ് പൂർണമായി ടാർ ചെയ്തെങ്കിലും പോസ്റ്റോഫീസ് മുതൽ സി.കെ.പി വരെയുള്ള ഭാഗം ഒരുവശത്ത് മാത്രം ടാറിംഗ് നടത്തിയത് വാഹനയാത്രികർക്ക് വിനയാകുന്നുണ്ട്.
ഒരുവശം ടാർ ചെയ്ത് മൂന്നാഴ്ച പിന്നിട്ടിട്ടും മറുവശത്തുൾപ്പെടെയുള്ള ആരംഭിച്ചിട്ടില്ല. രണ്ട് ഇഞ്ച് കനത്തിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള ടാറിംഗായതിനാൽ ഇരുഭാഗങ്ങളും തമ്മിലുള്ള ഉയരക്കൂടുതൽ ഇരുചക്ര വാഹനങ്ങളുടെ യാത്ര ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ദേശീയപാതയാണെങ്കിലും വീതിക്കുറവുള്ള ഈ റോഡിൽ സാഹസികമായല്ലാതെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുന്നില്ല. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ശ്രദ്ധയൊന്ന് പാളിയാൽ വാഹനം മറിഞ്ഞ് അപകടമുണ്ടാകാൻ സാദ്ധ്യത ഏറെയാണ്. ടാറിംഗ് പൂർത്തിയാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ അപകടപരമ്പര തന്നെയുണ്ടാകാം.
ടാർ ലഭിക്കുന്നതിനുള്ള കാലതാമസമാണ് ടാറിംഗ് വൈകുന്നതിനുള്ള കാരണമായി കരാറുകാർ പറയുന്നത്. അഞ്ചാലുംമൂട് മുതൽ ഹൈസ്‌കൂൾ ജംഗ്ഷൻ വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.