photo

കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കലിൽ കരിയിലകൾക്കിടയിൽ നിന്ന് ലഭിച്ച നവജാത ശിശു മരിച്ച സംഭവം രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു. കുഞ്ഞിന്റെ അമ്മയാരെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിന് യാതൊരു പുരോഗതിയുമില്ല. കല്ലുവാതുക്കൽ കുരിശുംമൂട് ഊഴായ്ക്കോട് പേഴുവിള വീട്ടിൽ ശശിധരന്റെ വീട്ടുപറമ്പിലെ കരിയിലകൾക്കിടയിൽ നിന്നാണ് ഈ മാസം അഞ്ചിന് പുലർച്ചെ നവജാത ശിശുവിനെ കണ്ടെത്തിയത്. പ്രസവിച്ച് മണിക്കൂറുകൾക്കകം ഉപേക്ഷിക്കപ്പെട്ട കുഞ്ഞായിരുന്നു. പൊക്കിൾക്കൊടിപോലും വേർപെട്ടിരുന്നില്ല. കരച്ചിൽകേട്ട് അയൽവാസികൾ നോക്കിയപ്പോഴാണ് കുഞ്ഞിനെ കരിയിലകൾക്കിടയിൽ നിന്ന് കണ്ടെത്തിയത്. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ കുഞ്ഞ് മരിച്ചു.

കുഞ്ഞ് മരിച്ചതോടെ പോസ്റ്റുമോർട്ടം വേണ്ടിവന്നു. മുലപ്പാലിന്റെ അംശംപോലും കുഞ്ഞിന്റെ വയറ്റിൽ ചെന്നിട്ടില്ലെന്നും കരിയിലകളുടെ അംശങ്ങൾ വയറ്റിൽ ഉണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പാരിപ്പള്ളി പൊലീസിനോട് പറഞ്ഞു. ഇതോടെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിനെ ലഭിച്ചതുമുതൽ പൊലീസ് അലർട്ടായിരുന്നു. മരണത്തോടെ എ.സി.പി ഷൈനു തോമസിന്റെ നേതൃത്വത്തിലായി അന്വേഷണം. പക്ഷെ, ആദ്യമുണ്ടായ ആവേശം പൊലീസിന് പിന്നീടുണ്ടായില്ല. ഉന്നതങ്ങളിൽ നിന്നും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി

കുഞ്ഞിന്റെ മരണത്തോടെ പൊലീസ് ഊഴായ്ക്കോട് ഭാഗത്തെ ഒട്ടുമിക്ക താമസക്കാരുടെയും മൊഴി രേഖപ്പെടുത്തി. പത്രം, പാൽ വിതരണക്കാരെയും ചോദ്യം ചെയ്തു. ഇതിൽ നിന്നും സംശയിക്കത്തക്കതായി ഒന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം അന്നുമുതൽ തുടങ്ങിയിരുന്നു. ഇന്നലെയാണ് ഇതിന്റെ പട്ടിക അന്വേഷണ സംഘത്തിന് ലഭിച്ചത്. രാത്രി മുതൽ പുലർച്ചെ വരെ ടവർ ലൊക്കേഷനിലുള്ള നമ്പരുകളുടെ എണ്ണം വളരെ കൂടുതലായതിനാൽ പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയുന്നില്ലെന്ന് അന്വേഷണ സംഘം പറയുന്നു.

തെരുവ് നായകളുടെ കണ്ണിൽപ്പെട്ടില്ല

എപ്പോഴും തെരുവ് നായ്ക്കൾ താവളമാക്കുന്ന ഭാഗമാണ് ഊഴായ്ക്കോട്. പുലർച്ചെ മുതൽ സ്വകാര്യ പറമ്പിലെ കരിയിലകൾക്കിടയിൽ കിടന്ന കുഞ്ഞ് തെരുവ് നായ്ക്കളുടെ കണ്ണിൽപ്പെട്ടില്ല. രാത്രി ഉപേക്ഷിച്ചവർ ആരായാലും കണ്ണിൽച്ചോരയില്ലാത്തവരാണെന്നാണ് ഇവിടുത്തുകാർ പറയുന്നത്. നായ്ക്കൾ കടിച്ചുകീറിയാൽ അതെത്ര ദുഃഖകരമായി മാറിയേനെ. കുഞ്ഞിനെ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും വലിയ പ്രതീക്ഷയുണ്ടായിരുന്നു ജനങ്ങൾക്ക്.

"പുലർച്ചെ നാലുമണിയോടെ ഭാര്യയുടെ അച്ഛനാണ് ആദ്യം ശബ്ദം കേട്ടത്. പൂച്ചയുടെ ശബ്ദം പോലെയാണ് തോന്നിച്ചതെന്ന് പറഞ്ഞു. പൂച്ചയെ കാണുകയും അതിനെ എറിഞ്ഞ് ഓടിക്കുകയും ചെയ്തു. ആറര ആയപ്പോഴാണ് ഞാനും ഭാര്യയും മുറ്റത്തേക്കിറങ്ങിയത്. പല്ലുതേച്ചുകൊണ്ടു നിന്നപ്പോൾ കുഞ്ഞിന്റെ ശബ്ദംപോലെ കേട്ടു. ഓടിച്ചെന്ന് നോക്കിയപ്പോൾ കരിയിലകളുടെ ഇടയിൽ ഒരു കുഞ്ഞ്. പൊക്കിൾക്കൊടി വേർപെട്ടിട്ടില്ലായിരുന്നു. ഞാനാണ് നൂലുചുറ്റി പൊക്കിൾക്കൊടി വേർപെടുത്തിയത്. ദേഹം മുഴുവൻ അഴുക്ക് പറ്റിയ നിലയിലായിരുന്നു കുഞ്ഞ്. ഉടൻതന്നെ പൊലീസിനെ അറിയിച്ചു. പാരിപ്പള്ളി പൊലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒരുപക്ഷെ, പുലർച്ചെ അച്ഛൻ നാലുമണിയ്ക്ക് കേട്ടതും ഈ കുഞ്ഞിന്റെ ശബ്ദമായിരുന്നിരിക്കാം."

(വിഷ്ണു, പേഴുവിളവീട്, ഊഴായ്ക്കോട്)

അന്വേഷണം ഊർജ്ജിതം

കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സമയംമുതൽ പൊലീസ് ഊർജ്ജിതമായി അന്വേഷിക്കുന്നുണ്ട്. അമ്മയാരെന്നും കുഞ്ഞിനെ ഉപേക്ഷിച്ചതാരെന്നും കണ്ടെത്താനുള്ള പരിശ്രമം നടക്കുകയാണ്. എല്ലാ സാദ്ധ്യതകളും പരിശോധിക്കും. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. രണ്ട് ദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തുവരും. (ഷൈനു തോമസ്,​ എ.സി.പി,​ ചാത്തന്നൂർ)​