പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുന്നുകൂടി മാലിന്യം
ചാത്തന്നൂർ: ചാത്തന്നൂർ ജംഗ്ഷനിലെ ഗ്രാമപഞ്ചായത്ത് ആസ്ഥാനത്തിന് മുന്നിൽ പട്ടണത്തിന്റെ മുഖശ്രീ കെടുത്തുന്ന വിധം മാലിന്യം കുന്നൂകൂടുന്നു. ദുർഗന്ധം മൂലം മൂക്കുപൊത്തി നടക്കുന്ന അധികൃതർ പോലും മൂക്കിൻതുമ്പത്ത് നടക്കുന്ന അതിക്രമത്തിന് നേർക്ക് കണ്ണടയ്ക്കുകയാണ്.
മാലിന്യം തള്ളുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് കാട്ടി അഞ്ചുവർഷം മുമ്പ് പഞ്ചായത്ത് സെക്രട്ടറി സ്ഥാപിച്ച ബോർഡും നോക്കുകുത്തിയാണ്. മാലിന്യം നിക്ഷേപിച്ച ഒരാൾക്കെതിരെയും കേസെടുത്തിട്ടുമില്ല. ഉമ്മറത്ത് കുന്നുകൂടുന്ന മാലിന്യം വാഹനത്തിൽ ശേഖരിച്ച് വരിഞ്ഞത്ത് എത്തിച്ച് കത്തിച്ച് കളയുന്നത് കർത്തവ്യം പോലെ ഇന്നും തുടരുകയാണ് പഞ്ചായത്ത്.
ഒരുദിവസം മാലിന്യം നീക്കം ചെയ്യാനായില്ലെങ്കിൽ ജംഗ്ഷനിലൂടെ കടന്നുപോകാൻ സാധിക്കാത്തത്ര ദുർഗന്ധമാണ് ഇവിടെ. ദൂരസ്ഥലങ്ങളിൽ നിന്ന് മാർക്കറ്റിലെത്തുന്നവർ പോലും വീട്ടിലെ മാലിന്യം കവറിലോ ചാക്കിലോ കൊണ്ടുവന്ന് ഇവിടെ നിക്ഷേപിച്ച് മടങ്ങുകയാണ്.
ജംഗ്ഷനിലെ മാലിന്യനിക്ഷേപം ഒഴിവാക്കാൻ നടപടികൾ ശക്തമാക്കും. പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കും. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേകം ടീമിനെ നിയോഗിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കും.
ടി. ദിജു, പ്രസിഡന്റ്, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്
മാലിന്യം ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നതിന് എല്ലാ വീടുകളിലും ബയോഗ്യാസ് പ്ലാന്റ് ഉറപ്പാക്കും. മുൻപ് നടപ്പാക്കാനാകാതെ പോയ പദ്ധതി ഇതിനായി പുനരുജ്ജീവിപ്പിക്കും.
അമൽ ചന്ദ്രൻ, ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി