c
ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി കല്ലടയാറ്റിന്റെ തീരത്ത് ഞാങ്കടവിൽ നിർമ്മിച്ച കിണറും പമ്പ് ഹൗസും

തൃക്കരുവ, പനയം പഞ്ചായത്തുകൾക്കും ഗുണകരമാകും

കൊല്ലം : കൊല്ലം നഗരസഭ, കൊറ്റങ്കര പഞ്ചായത്ത് എന്നിവിടങ്ങളിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാനുള്ള ഞാങ്കടവ് പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റിന് കുറുകേ നിർമ്മിക്കുന്ന തടയണയുടെ നിർമ്മാണം പുരോഗമിക്കുന്നു. ആറിന്റെ ഒഴുക്ക് തടസപ്പെടുത്തിയുള്ള നിർമ്മാണമായതിനാൽ മഴക്കാലത്ത് പ്രവർത്തനം നടക്കില്ല. മൺസൂണിന് മുമ്പ് രണ്ട് ഘട്ടങ്ങളായി തടയണ നിർമ്മാണം പൂർത്തീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഞാങ്കടവ് പദ്ധതിയിൽ നിന്ന് തൃക്കരുവ, പനയം പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം നടത്തുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട്. 53 കോടി രൂപയാണ് ചെലവ്. ശുദ്ധജലം തൃക്കരുവ, പനയം പഞ്ചായത്തുകളിലെ ഉപരിതലസംഭരണികളിലെത്തിച്ച് വിതരണംചെയ്യുന്നതാണ് പദ്ധതി. ഇതിനായി പനയം പഞ്ചായത്തിലെ ചിറ്റയത്തുള്ള സംഭരണിയുടെ ശേഷിയുയർത്തുകയും തൃക്കരുവ സ്റ്റേഡിയം, കൊന്നമുക്ക് എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തി പുതുതായി സംഭരണി നിർമ്മിക്കുകയും ചെയ്യും. ചിറ്റയം സംഭരണിയിലേക്കെത്തുന്ന പ്രധാന പൈപ്പിൽ തര്യൻമുക്ക് ഭാഗത്ത് നിന്ന് മൺറോത്തുരുത്ത് പഞ്ചായത്തിലേക്കു് കുടിവെള്ളം വിതരണം ചെയ്യാനും പദ്ധതിയുണ്ട്. ഇതിനായി മൺറോത്തുരുത്തിൽ അഞ്ചുലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതലസംഭരണിയും സ്ഥാപിക്കും.

ഞാങ്കടവ് പദ്ധതി
ചെലവ് : 313.35 കോടി
ആകെ ദൂരം : 28 കിലോമീറ്റർ

ഞാങ്കടവ് പദ്ധതി

കല്ലടയാറ്റിലെ ഞാങ്കടവിൽ നിന്ന് ജലം പമ്പ് ചെയ്ത് നഗരത്തിലെ വസൂരിച്ചിറയിലെത്തിച്ച് ശുദ്ധീകരിച്ച് ആനന്ദവല്ലീശ്വരത്തെ കുടിവെള്ള ടാങ്കിലെത്തിച്ചശേഷം നഗരത്തിൽ വിതരണം ചെയ്യുന്നതാണ് ഞാങ്കടവ് പദ്ധതി.

(ഞാങ്കടവ് പാലത്തിന് 250 മീറ്റർ താഴെയായി 96 മീറ്റർ നീളത്തിലും 10 മീറ്റർ താഴ്ചയിലുമാണ് തടയണയുടെ നിർമ്മാണം)



പൂർത്തിയായത്

 പുത്തൂർ ഞാങ്കടവിൽ 12 മീറ്റർ വ്യാസവും ഭൂമിക്കടിയിലേക്ക് 11 മീറ്റർ ആഴവും മുകളിൽ 5 മീറ്റർ ഉയരവുമുള്ള കിണർ

 100 ദശലക്ഷം ലിറ്റർ ജലം പ്രതിദിനം പമ്പ് ചെയ്യാൻ കഴിയുന്ന പമ്പ് ഹൗസ്

 ചുങ്കത്തറ 33 കെ.വി ഇലക്ട്രിക്കൽ സബ്‌ സ്റ്റേഷനിൽ നിന്ന് പമ്പ്ഹൗസിലേക്ക് 11 കെ.വി കേബിൾ സ്ഥാപിക്കൽ
 23 കിലോമീറ്റർഭാഗത്തെ പൈപ്പിടൽ

പൂർത്തിയാക്കാനുള്ളത്

 ഞാങ്കടവിൽ കല്ലടയാറ്റിന് കുറുകേയുള്ള തടയണ
 പമ്പ് ഹൗസിൽ 815 കുതിരശക്തിയുള്ള 3 മോട്ടോറുകൾ
 കൊല്ലം കോർപ്പറേഷനിൽ വസൂരിച്ചിറയിൽ ജലശുദ്ധീകരണശാല