chicken

കൊല്ലം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത് ജില്ലയിലെ ഇറച്ചിക്കോഴി വിപണിക്കും കനത്തപ്രഹരമായി. കിലോയ്ക്ക് 180 മുതൽ 200 രൂപ വരെയുണ്ടായിരുന്ന ഇറച്ചിക്കോഴി വില ഇക്കഴിഞ്ഞ വെള്ളിയാഴ്ചയോടെ 85 രൂപ വരെയായി താഴ്ന്നിരുന്നു. ഞായാറാഴ്ച 110ലേയ്ക്ക് ഉയർന്നെങ്കിലും ഇന്നലെ 100 രൂപയായി കുറഞ്ഞു. വരുംദിവസങ്ങളിൽ വില ഇനിയും ഇടിയുമെന്നാണ് കച്ചവടക്കാർ പറയുന്നത്. നാടൻ കോഴിയുടെ വിലയും താഴേയ്ക്ക് തന്നെയാണ്. കിലോയ്ക്ക് 300 മുതൽ 400 രൂപ വരെ വിലയുണ്ടായിരുന്ന നാടൻ കോഴിക്ക് ഇന്നലെ 220 രൂപയായിരുന്നു വില.

കഴിഞ്ഞ മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതിന് പിന്നാലെ ചിക്കൻ വില ഇരുന്നൂറ് കടന്നിരുന്നു. മറ്റ് മാംസങ്ങളുടെ ലഭ്യതക്കുറവായിരുന്നു കാരണം. ഓണം, റംസാൻ, ക്രിസ്മസ് വിപണികളിലും നേരിയ കുറവ് മാത്രമാണുണ്ടായത്. ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വില കുത്തനെ ഇടിയുകയായിരുന്നു. നഗരങ്ങളിൽ 85 രൂപ വരെയായപ്പോൾ ജില്ലയിലെ കിഴക്കൻ മേഖലകളിൽ 70 മുതൽ 80 രൂപ വരെയിരുന്നു കിലോയ്ക്ക്.

 വിപണിയിൽ സ്വാധീനമില്ലാതെ ഉമയനല്ലൂരിലെ ഫാം

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് കീഴിൽ ഉമയനല്ലൂരിൽ ഫാം പ്രവർത്തിക്കുന്നുണ്ടെങ്കിലും വിപണിയിലുള്ള ഇടപെടൽ ഫലപ്രദമല്ല. തമിഴ്‌നാട്ടിൽ നിന്നുള്ള ഇറച്ചിക്കോഴികളുടെ വരവ് കുറയ്ക്കുന്നതിനും കുറഞ്ഞ നിരക്കിൽ വിപണിയിൽ ഇറച്ചിക്കോഴി ലഭ്യമാക്കുന്നതിനുമാണ് ഫാം പ്രവർത്തനം ആരംഭിച്ചത്. കെപ്‌കോ ചിക്കൻ എന്ന പേരിൽ ഇവിടെ നിന്ന് കോഴിയിറച്ചി പായ്ക്കറ്റുകളാക്കി വിപണിയിൽ എത്തിക്കുന്നുണ്ട്. കെപ്കോയുടെ 'ജനത' എന്ന ബ്രാൻഡിലുള്ള ചിക്കന് ഇന്നലെ 95 രൂപയായിരുന്നു വില.

 മുട്ടുകുത്തി കോഴി വില

സ്ഥലം - ഇന്നലത്തെ വില - ഒരു മാസം മുമ്പ് (ഒരു കിലോയ്ക്ക്)

കൊട്ടിയം - 100 - 140
അഞ്ചാലുംമൂട് - 110 - 140
എഴുകോൺ - 100 - 120
കരുനാഗപ്പള്ളി - 90 - 125