ചാത്തന്നൂർ: ഒരു മാസത്തിൽ അധികമായി ചാത്തന്നൂരിലെ പൊലീസുകാരെ വലയ്ക്കുകയാണ് ഒരു നാട്ടുകള്ളൻ!. സൂപ്പർഹിറ്റ് സിനിമയായ മീശമാധവനിലെപ്പോലെ ഈ കള്ളൻ കട്ടതൊന്നും ചാത്തന്നൂരിന് പുറത്തു പോയിട്ടില്ല. കാരണം മോഷണം പോവുന്നത് അത്തരത്തിലുള്ള സാധനങ്ങളാണ്. മരച്ചീനി, തേങ്ങ, വടക്കൻപുളി, മീൻ തുടങ്ങിയവയാണ് കള്ളന്റെ ഇഷ്ടസാധനങ്ങൾ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം കിണ്ടിയും നിലവിളക്കും പാത്രങ്ങളും ഉൾപ്പടെ മോഷണം പോയി. കഴിഞ്ഞ ദിവസം ചാത്തന്നൂർ ഏറം 'നാരായണീയ'ത്തിൽ നിന്ന് നഷ്ടമായത് നിലവിളക്കും കിണ്ടിയും ഓട്ടു താലവും മറ്റ് പാത്രങ്ങളുമാണ്. വീട്ടുകാരായ ചാത്തന്നൂർ എസ്.എൻ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. ശ്രീകലയും ഭർത്താവ് ഡോ. രാജുവും ഓച്ചിറയിലെ വീട്ടിൽ നിന്ന് ഇന്നലെ കാരംകോട്ടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതിയും നൽകി. മോഷണങ്ങൾ തുടർക്കഥയാകുമ്പോഴും കള്ളനെ കണ്ടുപിടിക്കാനാകാതെ വലയുകയാണ് പൊലീസ് ഉദ്യോഗസ്ഥർ.
കവർന്നത് രണ്ടര ലക്ഷം രൂപയുടെ സാധനങ്ങൾ
ഒരു മാസത്തിനുള്ളിൽ നാലു തവണയാണ് ചാത്തന്നൂർ മാർക്കറ്റിൽ മോഷണം നടന്നത്. ചന്ദ്രൻ എന്നയാളുടെ സ്റ്റാളിൽ രണ്ടു തവണ മോഷണം നടന്നു. പോയത് ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ്. തേങ്ങ, 100 കിലോയോളം പുളി, മരച്ചീനി, മുട്ട, ഇഞ്ചി തുടങ്ങിയവ ഇതിലുൾപ്പെടും. മീൻ സ്റ്റാളിൽ നിന്ന് രണ്ടു തവണയായി എൺപതിനായിരത്തോളം രൂപയുടെ മീൻ കവർന്നു.