bridge

പരവൂർ: പ്രാഥിക പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബഡ്ജറ്റിൽ 20 കോടി രൂപ വകയിരുത്തിയതോടെ പരവൂർ - മയ്യനാട് കായൽപ്പാലമെന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളയ്ക്കുകയാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് നാമ്പിട്ട പരവൂർ, മയ്യനാട് നിവാസികളുടെ പ്രതീക്ഷ സഫലമാകാനുള്ള സാദ്ധ്യതയാണ് ഇതോടെ ഉയർന്നിരിക്കുന്നത്.

സി.വി. പത്മരാജൻ ധനകാര്യ മന്ത്രിയും പി.കെ.കെ. ബാവ പൊതുമരാമത്ത് മന്ത്രിയുമായിരുന്നപ്പോഴാണ് മയ്യനാടിനെയും പരവൂരിനെയും ബന്ധിപ്പിക്കുന്ന ഒരു പാലം വേണമെന്ന ആലോചന തുടങ്ങിയത്. അന്ന് ബഡ്ജറ്റിൽ 50 കോടി രൂപ വകയിരുത്തുകയും സാധ്യതാ പഠനങ്ങൾ നടത്തുകയും ചെയ്തു. പരവൂർ കായലിന് കുറുകെ രണ്ട് റെയിൽവേ പാലങ്ങൾക്ക് സമാന്തരമായി പാലം നിർമ്മിക്കുന്നതിന് സാങ്കേതികമായി കുഴപ്പമില്ലെന്ന് വിദഗ്ദ്ധ സംഘം റിപ്പോർട്ടും നൽകി. എന്നാൽ തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യായില്ല.

ഇതിനിടെ പാലം നിർമ്മാണം പ്രായോഗികമല്ലെന്നും ചെലവേറിയതാണെന്നുമുള്ള അഭിപ്രായങ്ങളും നാനാകോണുകളിൽ നിന്നും ഉയർന്നു. റെയിൽവേ ലൈനിന്​ സമാന്തരമായതിനാൽ പാലത്തിന് നീളക്കൂടുതൽ വേണ്ടി വരുമെന്നും ഇത് ചെലവ് വർദ്ധിക്കാൻ കാരണാകുമെന്നും അഭിപ്രായമുണ്ടായി. ഇതോടെ ജനങ്ങളുടെ സ്വപ്നങ്ങൾക്കും തിരശീല വീണു.

പരവൂർ കായലിൽ ജലനിരപ്പുയരുമ്പോൾ മുക്കത്ത് പൊഴി മുറിക്കപ്പെടുന്നതിനാൽ തീരദേശ റോഡിലൂടെയുള്ള ഗതാഗതം നിലയ്ക്കുന്നത് പതിവാണ്. അപ്രോച്ച് റോഡ് നിർമ്മാണത്തിന് പ്രത്യേക ചെലവ്​ വരുന്നില്ലെന്നതും പാലം നിർമ്മാണത്തിന് അനുകൂല ഘടകമാണ്. ബഡ്ജറ്റിൽ ഉൾപ്പെട്ടതോടെ ചുവപ്പുനാടയിൽ കുരുങ്ങിയ സ്വപ്നം വീണ്ടും ഉദിച്ചുയരുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.

 സുഗമമാകും, പ്രയോജനകരമാകും

പരവൂരിൽ നിന്ന്​ കൊല്ലത്തേക്കുള്ള യാത്രയ്ക്ക് ഏറെ പ്രയോജനകരമാകുന്നതാകും പരവൂർ - മയ്യനാട് കായൽപ്പാലം. വർക്കല, കൊല്ലം ബീച്ചുകളെ ബന്ധിപ്പിക്കുന്നതിനാൽ ടൂറിസം സാധ്യതയും വർദ്ധിപ്പിക്കും. മയ്യനാട്ട് നിന്ന് പരവൂരിലേക്കും തിരിച്ചും യാത്ര ചെയ്യാൻ മിനിറ്റുകൾ മതിയാകുമെന്നതും പ്രത്യേകതയാണ്. പരവൂർ കായലിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാമെന്നതും ശ്രദ്ധേയമായ ഘടകമാണ്.