പുത്തൂർ‌: ചെറുപൊയ്ക സർവീസ് സഹകരണ ബാങ്കിന്റെ ആസ്ഥാന മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദം പുകയുന്നു. ജനപ്രതിനിധികളെ ഒഴിവാക്കി രാഷ്ട്രീയം കളിച്ചത് ശരിയായില്ലെന്ന് പൊതുവിലയിരുത്തൽ. ഞായറാഴ്ചയാണ് ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തുമെന്നറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ഓൺലൈനിൽ ഉദ്ഘാടനം നടത്തിയതായി വരുത്തിത്തീർക്കുകയായിരുന്നു. പഞ്ചായത്തിൽ നിലനിൽക്കുന്ന കോൺഗ്രസ് വിഭാഗീയത രൂക്ഷമായതിന്റെ പേരിലാണ് ഉമ്മൻചാണ്ടി വിട്ടുനിന്നതെന്നാണ് വിവരം. മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എഴുകോൺ നാരാണനെപ്പോലും ചടങ്ങിലേക്ക് ക്ഷണിക്കാഞ്ഞതിന്റെ നീരസം നാരായണൻതന്നെ ഉമ്മൻചാണ്ടിയെ അറിയിച്ചിരുന്നു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റടക്കം ഒട്ടുമിക്ക പാർട്ടി പ്രവർത്തകരെയും പേരിനുപോലും ക്ഷണിക്കാതെ നടത്തിയ ചടങ്ങുകൾ വലിയ വിവാദമായിട്ടുണ്ട്.

ജനപ്രതിനിധികളെ ക്ഷണിച്ചില്ല

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും ബാങ്ക് പ്രവർത്തിക്കുന്ന നെടുവത്തൂർ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാ ലാലിനെയടക്കം ഇടത് ജനപ്രതിനിധികളെ ക്ഷണിക്കാഞ്ഞതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. സാധാരണഗതിയിൽ ഇത്തരം ചടങ്ങുകളിൽ പ്രദേശത്തെ ജനപ്രതിനിധികളെ ഒഴിവാക്കാറില്ല. എന്നാൽ ചെറുപൊയ്ക സർവീസ് സഹകരണ ബാങ്ക് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. വായ്പകളും മറ്റും നൽകുന്നതിലും ഇത്തരം വിഭാഗീയതകൾ കാട്ടാറുണ്ടെന്ന് സഹകാരികളും പരാതിപ്പെടുന്നു. നാടിന്റെ ക്ഷേമ വികസന പ്രവർത്തനങ്ങളിലും സാധാരണക്കാരന്റെയും കർഷകന്റെയും സഹായത്തിനുമായി പ്രവർത്തിക്കേണ്ട സഹകരണ ബാങ്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം വച്ചുപുലർത്തുന്നതിനെതിരെ സഹകാരികൾ പ്രതിഷേധ പരിപാടികൾ പ്ളാൻ ചെയ്യുന്നുണ്ട്.


അന്തസില്ലാത്ത രാഷ്ട്രീയം, പൊതുജനങ്ങൾ ചോദ്യം ചെയ്യും

ചെറുപൊയ്ക സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി അന്തസില്ലാത്ത രാഷ്ട്രീയം കളിക്കുകയാണ്. ബാങ്കിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയ ഉത്സവമാക്കി മാറ്റുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അംഗീകരിക്കാത്ത ഇവരെങ്ങിനെ പൊതുപ്രവ‌ർത്തകരാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ എന്നെ വിളിച്ചില്ലെന്നതുമാത്രമല്ല, ഈ ഡിവിഷനിൽ നിന്നുമുള്ള അഡ്വ.സുമലാൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിട്ടും ഉദ്ഘാടന ചടങ്ങിലേക്ക് വിളിച്ചില്ല. ബാങ്കിന്റെ ഭരണനേതൃത്വത്തിന്റെ തെറ്റായ ചിന്തകളാണ് ഇതിനെല്ലാം കാരണം.

(വി.രാധാകൃഷ്ണൻ, പ്രസിഡന്റ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്)

ഗൗരവമുള്ള വിഷയം

ചെറുപൊയ്ക സർവീസ് സഹകരണ ബാങ്കിന്റെ മന്ദിരോദ്ഘാടന ചടങ്ങിൽ ബാങ്ക് ഭരണസമിതിയ്ക്ക് ഗൗരവക്കുറവ് വന്നിട്ടുണ്ട്. കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ എഴുകോൺ നാരായണനെപ്പോലും പങ്കെടുപ്പിക്കേണ്ടെന്ന് അവർ തീരുമാനിച്ചത് പരിശോധിക്കും. കോൺഗ്രസ് നേതൃത്വം നൽകുന്ന സഹകരണ ബാങ്കിന്റെ ഭരണസമിതികൾ തന്നിഷ്ടം കാണിക്കാൻ അനുവദിക്കില്ല. ബന്ധപ്പെട്ട കമ്മിറ്റികളിൽ വിഷയം ഉന്നയിക്കും.(കെ.മധുലാൽ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ്)