photo
പുത്തൂർ മണ്ഡപത്തിന്റെ നിർമ്മാണത്തിനായി എത്തിച്ച കൊത്തിയ കല്ല്

കൊല്ലം: പുത്തൂർ മണ്ഡപത്തിന്റെ പുനർനിർമ്മാണത്തിന് ജീവൻവയ്ക്കുന്നു. കൊത്തിയ കല്ലുകൾ എത്തി. ഇനി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പഴയ മണ്ഡപം നിന്നിടത്ത് നിന്ന് പുത്തൂർ-ഞാങ്കടവ് റോഡിലേക്ക് മൂന്നര മീറ്റർ അകലത്തിലാണ് പുതിയ മണ്ഡപം ഉയരുക. പഴയ മണ്ഡപത്തിന്റെ കല്ലുകൾ അടുക്കി അടിസ്ഥാനത്തിന്റെ ആദ്യപടി ജോലികൾ ചെയ്തുവെങ്കിലും തുടർ നിർമ്മാണം നടന്നില്ല. തമിഴ് നാട്ടിൽ നിന്നും കൊത്തിയ കല്ലുകൊണ്ടുവരാൻ കഴിയാഞ്ഞതിനാലാണ് നിർമ്മാണം മുടങ്ങിയതെന്നാണ് അധികൃതർ പറഞ്ഞത്.

ഏഴര ലക്ഷം ചെലവഴിച്ച് നിർമ്മാണം

മണ്ഡപം പുനർ നിർമ്മിച്ച് നാടിന്റെ പൈതൃകം സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. " പുത്തൂർ മണ്ഡപം പുനർ നിർമ്മിച്ചില്ല,​ തിരഞ്ഞെടുപ്പ് രംഗത്ത് ചർ‌ച്ചയാകും " എന്ന തലക്കെട്ടിൽ ഒക്ടോബർ 24ന് പ്രസിദ്ധീകരിച്ച വാർത്ത വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. ഇതേ തുടർന്ന് പി.ഐഷാപോറ്റി എം.എൽ.എ ബന്ധപ്പെട്ടവരെ വിളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതുമാണ്. എന്നാൽ കല്ലെത്താൻ വൈകി. കഴിഞ്ഞ ദിവസം കല്ല് കൊണ്ടുവന്നതോടെയാണ് പുത്തൂരുകാർക്ക് മണ്ഡപം പുനർ നിർമ്മാണം നടക്കുമെന്ന കാര്യത്തിൽ പൂർണ വിശ്വാസം കൈവന്നത്. എം.എൽ.എ അനുവദിച്ച ഏഴര ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്. പവിത്രേശ്വരം, നെടുവത്തൂർ, കുളക്കട ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ പുത്തൂരിന്റെ എക്കാലത്തെയും അടയാളമാണ് കൊട്ടാരക്കര- ശാസ്താംകോട്ട റോഡരികിലെ മണ്ഡപം. 2016 നവംബർ 30ന് കെ.എസ്.ആർ.ടി.സി ബസിടിച്ച് മണ്ഡപം പൂർണമായും നിലംപൊത്തിയത്.