പത്തനാപുരം: പഞ്ചായത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ശനിയാഴ്ച കെ.ബി ഗണേശ് കുമാർ എം.എൽ.എയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ലാത്തി വീശിയതിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാജൂ ഖാനടക്കം ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. പൊലീസ് അക്രമം നടത്തിയതായി ആരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയായിരുന്നു ഹർത്താൽ. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ട്രാൻസ്പോർട്ട് അടക്കമുള്ള ബസുകൾ സർവീസ് നടത്തി. ഹർത്താലിനോടനുബന്ധിച്ച് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.ബി ഗണേശ് കുമാർ എം.എൽ.എയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ പൊലീസ് തടഞ്ഞു.തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ചവറയിൽ വച്ച് കെ. ബി. ഗണേശ് കുമാർ എം.എൽ.എയ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തിയതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെയും ഘടകകക്ഷികളുടെയും നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷ സാദ്ധ്യത മുന്നിൽ കണ്ട് പുനലൂർ ഡിവൈ.എസ്.പി അനിൽദാസിന്റെ നേതൃത്വത്തിൽ പൊലീസിനെ പത്തനാപുരത്ത് വിന്യസിച്ചിട്ടുണ്ട്.