plant

 പ്രാരംഭ നടപടികൾക്ക് തുടക്കമായി

കൊല്ലം: കുരീപ്പുഴയിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമ്മാണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു. സ്ഥലം അളന്നുതിരിക്കലും മണ്ണ് പരിശോധനയും പൂർത്തിയായി. വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിനെ സംബന്ധിച്ച കാര്യത്തിൽ നഗരസഭ അടുത്തയാഴ്ച തീരുമാനമെടുക്കും. 2018ൽ അംഗീകാരം ലഭിച്ചെങ്കിലും വിവിധ കാരണങ്ങളാൽ ഇഴഞ്ഞുനീങ്ങുകയായിരുന്ന പദ്ധതിക്കാണ് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്. നവംബറോടെ പണികൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 31.91 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിൽ അഞ്ച് കോടിയോളം രൂപ വൈദ്യുതീകരണത്തിനും അതുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ 1.45 ഏക്കർ സ്ഥലത്താണ് പ്ലാന്റ് സജ്ജമാക്കുന്നത്. പ്ലാന്റിന്റെ പ്രവർത്തനം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ജൈവചുറ്റുമതിലും നിർമ്മിക്കും.

ഒക്ടോബർ 28നാണ് കരാറൊപ്പിട്ടത്. ഹൈഡ്രോടെക്, എ.ബി.എം സിവിൽ വെഞ്ച്വേഴ്‌സ് എന്നീ കമ്പനികൾ സംയുക്തമായാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞുള്ള പത്ത് വർഷത്തേക്കുള്ള പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവയും കരാറുകാരുടെ ഉത്തരവാദിത്വത്തിലായിരിക്കും.

 പരിസ്ഥിതി സൗഹൃദം
നഗരത്തിലെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന മലിനജലത്തിലെ ഖരമാലിന്യം നീക്കം ചെയ്ത് അഞ്ച് ഘട്ടങ്ങളിലായി ശുദ്ധീകരിച്ച് അഷ്ടമുടി കായലിലേക്ക് ഒഴുക്കുന്നതാണ് പദ്ധതി. ഖരമാലിന്യം സംസ്കരിച്ച് വളമാക്കി കൃഷിക്കായി നൽകും. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന മാലിന്യമൊന്നും ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്.

അടങ്കൽ തുക: 31.91 കോടി
പ്രവർത്തനം: 1.45 ഏക്കറിൽ
ഭരണാനുമതി: 2018 ഫെബ്രുവരി 22
എസ്റ്റിമേറ്റ് അനുമതി: 2018 സെപറ്റംബർ 13
കരാർ ഒപ്പിട്ടത്: 2020 ഒക്ടോബർ 28
പൂർത്തീകരണം (കരാർ പ്രകാരം): 2021 ഒക്ടോബർ 28

പ്ളാന്റിന്റെ ഘടന

റോഡ് - മഴ ഡ്രയിനേജ്, ക്ലോറിൻ റൂം, മാലിന്യം വേർതിരിക്കൽ പ്ലാന്റുകൾ, ജലശുദ്ധീകരണ പ്ലാന്റ്, അഡ്മിനിസ്ട്രേഷൻ, കൺട്രോൾ, ഇലക്ട്രിക്കൽ മുറികൾ, പ്ലാന്റിലേക്കും കായലിലേക്കുമുള്ള ഡ്രെയിനേജ് പൈപ്പുകൾ