ഏരൂർ: കാട്ടുപന്നി ശല്യം കർഷകർക്ക് ഭീഷണിയാകുന്നു. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് കർഷകന്റെ പരാതി. .ഭാരതീപുരം സ്വദേശിയായ ബിജുവിന്റെ ഉടമസ്ഥതയിൽ ചന്ദനക്കാവിൽ മലയോരഹൈവേയോട് ചേർന്നുള്ള നാലേക്കർ പുരയിടത്തിലെ കൈതകൃഷി കാട്ടുപന്നിയുടെ ഭീഷണി നേരിടുകയാണ്. കൃഷിയ്ക്കായി പാട്ടത്തിനെടുത്തതാണ് പുരയിടം.പലതവണയായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കാട്ടുപന്നികൾ വരുത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങിയ പന്നികൾ കൈതത്തൈകൾ ചവിട്ടി നശിപ്പിയ്ക്കുകയും തളിർത്ത് വരുന്ന ഇലകൾ കടിച്ച് കളയുകയും ചെയ്തിട്ടുണ്ട്.പലപ്പോഴായി നൂറുകണക്കിന് തൈകളാണ് ഇത്തരത്തിൽ നശിപ്പിച്ചത്.ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.വനംവകുപ്പ് മന്ത്രി ഉൾപ്പടെ ഉള്ളവർക്ക് പരാതി കൊടുക്കുവാനുള്ള തീരുമാനത്തിലാണ് അംഗപരിമിതനായ ഈ കർഷകൻ.