election

 പരിഗണിക്കുക വിജയ സാദ്ധ്യത

കൊല്ലം: ജില്ലയിലെ പതിനൊന്ന് ഇടതുപക്ഷ എം.എൽ.എമാരിൽ ഭൂരിഭാഗവും ഇക്കുറിയും മത്സരിക്കാൻ സാദ്ധ്യത. രണ്ടോ മൂന്നോ തവണ മത്സരിച്ചവരെയോ വിജയിച്ചവരെയോ ഒഴിവാക്കാൻ പാർട്ടികൾ തീരുമാനിച്ചാൽ മാത്രം ചില സിറ്റിംഗ് എം.എൽ.എമാർ ഒഴിവായി പോയേക്കും. വിജയ സാദ്ധ്യതയാണ് ഇക്കുറിയും ഇടതുമുന്നണിയും പരിഗണിക്കുക. അങ്ങനെയാണെങ്കിൽ നിലവിലെ ഭൂരിഭാഗം പേരും വീണ്ടും മത്സരരംഗത്തുണ്ടായേക്കും.
കൊട്ടാരക്കരയിൽ തുടർച്ചയായി വിജയിച്ചുവരുന്ന പി. ഐഷാ പോറ്റി ഇക്കുറി മത്സരിക്കുന്നില്ലെങ്കിൽ അവിടെ കെ.എൻ. ബാലഗോപാൽ സ്ഥാനാർത്ഥിയാകാനിടയുണ്ട്. കൊല്ലത്ത് വീണ്ടും എം. മുകേഷ് തന്നെ വരാനാണ് സാദ്ധ്യത. പക്ഷേ മുകേഷിനെ ഒഴിവാക്കണമെന്ന നിലപാട് ചില നേതാക്കൾക്കുണ്ട്.
തുടർച്ചയായി വിജയിച്ചുവരുന്ന തോമസ് ഐസക്കിനെയും ജി. സുധാകരനെയും മത്സരിപ്പിക്കാൻ പാർട്ടി അനുവദിക്കുകയാണെങ്കിൽ മുതിർന്ന അംഗമെന്ന നിലയിൽ ഇക്കുറി കുണ്ടറയിൽ വീണ്ടും ജെ. മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് സീറ്റ് കിട്ടിയേക്കും. കുണ്ടറയിൽ മറ്റു ചില നേതാക്കളുടെ പേര് പരിഗണനയിലുണ്ടെങ്കിലും മേൽക്കൈ മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് തന്നെയാണ്.
ചവറയിൽ സി.പി.എമ്മിനാണ് സീറ്റെങ്കിൽ വിജയ സാദ്ധ്യത പരിഗണിച്ച് വിജയൻ പിള്ള മകനെ പാർട്ടി പരിഗണിച്ചേക്കും. ഇരവിപുരത്ത് എം. നൗഷാദിനെ തന്നെ മത്സരിപ്പിച്ചേക്കും. ചില പുതുമുഖങ്ങളുടെ പേരും സജീവ പരിഗണനയിലുണ്ട്.
കരുനാഗപ്പള്ളിയിൽ ആർ. രാമചന്ദ്രൻ തന്നെ സ്ഥാനാർത്ഥിയായേക്കും. ചാത്തന്നൂരിൽ ജയലാൽ അല്ലെങ്കിൽ സി.പി.ഐയുടെ യുവജന വിഭാഗം നേതാക്കളെയോ ജില്ലയിൽ ജനപ്രിയരായവരെയോ പരിഗണിച്ചേക്കും.
ചടയമംഗലത്ത് സി.പി.ഐ പുതിയ സ്ഥാനാർത്ഥിയെ പരീക്ഷിച്ചേയ്ക്കും. മൂന്ന് തവണ വിജയിച്ച മുല്ലക്കര രത്‌നാകരൻ ഇക്കുറി മത്സരിച്ചേക്കില്ല. അങ്ങനെയായാൽ യുവാക്കളെ രംഗത്തിറക്കാനാണ് പാർട്ടിയിൽ ആലോചന. പ്രദേശത്തെ പ്രമുഖ നേതാവായ മുസ്തഫയെ ഇവിടെ പുതുമുഖമായി പരിഗണിച്ചേക്കാം. പുനലൂരിൽ മന്ത്രി കെ. രാജു വീണ്ടും മത്സരിച്ചേക്കില്ല. അദ്ദേഹമില്ലെങ്കിൽ വിജയസാദ്ധ്യത പരിഗണിച്ച് പി.എസ്. സുപാലിനെ സ്ഥാനാർത്ഥിയാക്കിയേക്കാം. യുവജന വിഭാഗത്തിന് മുൻതൂക്കം കൊടുക്കുകയാണെങ്കിൽ എ.ഐ.വൈ.എഫ് നേതാവ് സജിലാലിനെ പരിഗണിച്ചേക്കും. പത്തനാപുരത്ത് കേരള കോൺഗ്രസ് ബിയുടെ സ്ഥാനാർത്ഥി കെ.ബി.ഗണേഷ് കുമാർ തന്നെയാകും സ്ഥാനാർത്ഥി. ഇടതുമുന്നണിയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും കുന്നത്തൂരിൽ ആർ.എസ്.പി ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോൻ തന്നെ സ്ഥാനാർത്ഥിയായേക്കും.