കരുനാഗപ്പള്ളി: കോഴിക്കോട് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി. മൂത്തേത്ത് കടവിൽ സ്ഥാപിച്ച കുഴൽക്കിണർ പ്രവർത്തന സജ്ജമായതോടെയാണ് കുടിവെള്ള ക്ഷാമത്തിന് പരിഹാരമായത്. കോഴിക്കോട് പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആർ.രാമചന്ദ്രൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ഇതോടെ നഗരസഭയുടെ പരിധിയിൽ വരുന്ന 21, 22, 23 ഡിവിഷനികളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.
ഉദ്ഘാടനം
ഗ്രൗണ്ട് വാട്ടർ വിഭാഗമാണ് സമയബന്ധിതമായി പണി പൂർത്തീകരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം. എൽ. എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി.നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ പടിപ്പുര ലത്തീഫ് ഡിവിഷൻ കൗൺസിലർ മഹേഷ് ജയരാജ്,നഗരസഭാ മുൻ വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള, വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലിന്റ തുടങ്ങിയവർ പങ്കെടുത്തു.എസ്. വി മാർക്കറ്റിലും ആലുംകടവിലും സ്ഥാപിച്ചിട്ടുള്ള ട്യൂബ് വെല്ലുകൾ പ്രവർത്തന സജ്ജമാക്കുന്നതിന് ജലവിഭവ വകുപ്പും ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റും സംയുക്തമായി പരിശോധന നടത്തും.
കുഴൽ കിണറുകൾ പ്രവർത്തിക്കും
വെല്ലുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ഭൂഗർഭജല വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ ട്യൂബ് വെൽ സ്ഥാപിക്കാനാണ് തീരുമാനം.കരുനാഗപ്പള്ളി നഗരസഭയിൽ പുതുതായി നിർമ്മിക്കുന്ന കുഴൽ കിണറുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ തീരദേശത്തെ കുടിവെള്ള ക്ഷാമം പൂർണമായും പരിഹരിക്കാൻ കഴിയും. കുടിവെള്ള ക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളിൽ നഗരസഭയിൽ നിന്ന് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുകയായിരുന്നു. .