accident-paripally

ചാത്തന്നൂർ: നിയന്ത്രണംവിട്ട വെറ്ററിനറി ആംബുലൻസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കല്ലുവാതുക്കൽ മേവനക്കോണം വനജാ ഭവനിൽ (കൈലാസം) മോഹനൻ പിള്ള - അജിത കുമാരി ദമ്പതികളുടെ മകൻ സജിത് മോഹനാണ് (22) മരിച്ചത്. ഇന്നലെ രാത്രി 7.15 ഒാടെ ദേശീയ പാതയിൽ പാരിപ്പള്ളി ഐ.ഒ.സി പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം.

നാവായിക്കുളം വെട്ടിയറയിലെ വെൽഡിംഗ് വർക്ക് ഷോപ്പിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു സജിത്.

മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സ്വകാര്യ വെറ്ററിനറി ആംബുലൻസ്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡിന്റെ വലതുവശത്തേക്കു കയറിയ ആംബുലൻസ് സജിത്തിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഹെൽമറ്റുണ്ടായിരുന്നിട്ടും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിത്ത് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡി. കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഏക സഹോദരൻ അജിത് മോഹൻ. പാരിപ്പള്ളി പൊലീസ് കേസെടുത്തു.

അച്ഛനെ അടുത്തു കാണാതെ,

ചേട്ടന്റെ കല്യാണം കൂടാതെ...

ചാത്തന്നൂർ: ഗൾഫിൽ നിന്ന് മൂന്നുദിവസം മുൻപ് എത്തിയ അച്ഛൻ മോഹനൻ പിള്ളയെ അടുത്തു കാണാൻ കഴിയാതെയും ജ്യേഷ്ഠൻ അജിത് മോഹന്റെ കല്യാണം കൂടാനാകാതെയുമാണ് നാടിനു പ്രിയപ്പെട്ട സജിത്ത് യാത്രയായത്. അച്ഛൻ കൊവിഡ് നിരീക്ഷണത്തിലായതിനാൽ മകനുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞിരുന്നില്ല. ജ്യേഷ്ഠൻ അജിത്തിന്റെ വിവാഹം ഉറപ്പിച്ചതിന്റെ സന്തോഷത്തിലായിരുന്നു സജിത്തും കുടുംബാംഗങ്ങളും. ഇതിനുവേണ്ടിയാണ് മോഹനൻപിള്ള നാട്ടിലെത്തിയതും. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം യുവമോർച്ചയുടെ സജീവ പ്രവർത്തകനായി നാട്ടിൽ നിറഞ്ഞു നിന്നിരുന്നു സജിത് മോഹൻ.