കഴിഞ്ഞ ലക്കത്തിന്റെ തുടർച്ചയാണിത്. വസ്തുക്കളുടെ ചരിവും കുഴികളും എങ്ങനെ ബാധിക്കുന്നുവെന്നതായിരുന്നു പ്രതിപാദ്യവിഷയം. പടിഞ്ഞാറും തെക്കും ചരിവുകളോ കുഴികളോ പാടില്ലെന്ന വാസ്തു തത്വത്തിന് സമാനമാണ് ഈ ഭാഗങ്ങളിൽ പുതിയ വസ്തു വാങ്ങരുതെന്നുളളതും. വീട് ഏത് സ്ഥലത്തോ ആയിക്കൊള്ളട്ടെ. ആ വീട് നിൽക്കുന്നതിന്റെ എത്ര ദൂരത്തായാലും വസ്തു വാങ്ങാം. അടുത്തായാലും അകലെയായാലും പുതിയ വസ്തു വാങ്ങുമ്പോൾ നിലവിലുളള വസ്തുവിന്റെ കിഴക്ക്, വടക്ക് ഭാഗങ്ങൾ മാത്രം വാങ്ങണം. ശാസ്ത്രീയമായി ചൂണ്ടിക്കാട്ടാൻ പ്രത്യേക തെളിവുകളില്ലെങ്കിലും തെക്കും പടിഞ്ഞാറും പുതിയ ഭൂമിയോ വീടോ വാങ്ങിയവർക്ക് ദോഷമായ കാര്യങ്ങൾ ഉണ്ടാവുന്നതായി കണ്ടുവരുന്നുണ്ട്.ആദ്യം വസ്തുവോ വീടോ വാങ്ങുമ്പോൾ അത് എവിടെയും വാങ്ങാം. പക്ഷേ നിലവിൽ ഒരു വീടോ വസ്തുവോ ഉണ്ടെങ്കിൽ മാത്രം പുതിയ വാങ്ങലിന് വടക്കും കിഴക്കും നോക്കിയാൽ മതിയാവും.
തെക്കും പടിഞ്ഞാറും വസ്തു വാങ്ങുമ്പോൾ അത് നഷ്ടത്തിലോ മോശത്തിലോ ഭവിക്കാം. വടക്കിലും കിഴക്കിലും വാങ്ങുന്നത് ബിസിനസ് ആവശ്യത്തിനാണെങ്കിൽ പോലും അത് വലിയ ഗുണങ്ങളുണ്ടാക്കും. വരുമാനം കൂടുന്നതായും അവസരങ്ങൾ തുറന്നു കിട്ടുന്നതായും അനുഭവങ്ങളുണ്ട്. അവിടെയും ചരിവ് നോക്കേണ്ടതുണ്ട്. വടക്ക് കിഴക്ക് ചരിഞ്ഞതോ , വടക്ക് കിഴക്ക് തോടോ കുഴിയോ ഒക്കെ ആവുന്നതും നല്ലതാണ്.
വലിയ കുന്നുകളോ, കൽക്കെട്ടുകളോ വാങ്ങുന്നതും ഒഴിവാക്കാം.ബിസിനസ് നടത്തുന്നവർ പ്രത്യേകിച്ച് വലിയ മല പോലെയുളള വസ്തുക്കളോ, തെക്കിലും പടിഞ്ഞാറിലും തോടോ ആറോ, കുഴിയോ വരുന്നതുമായ വസ്തുക്കൾ വാങ്ങുന്നതും നല്ലതല്ല. വ്യാപാര വ്യവസായ സ്ഥാപനങ്ങളും വീടുകളും പണിയുമ്പോഴും ഭൂമിക്കടിയിലുളള നിർമ്മാണങ്ങൾ തെക്കും പടിഞ്ഞാറും ഒഴിവാക്കണം. ചിലർ സ്ഥല ലാഭത്തിനായി വ്യാപാര സ്ഥാപനങ്ങളിൽ ഭൂമിയ്ക്കടിയിൽ ഗോഡൗൺ സ്ഥാപിച്ചു കാണുന്നു. ഗോഡൗൺ കെട്ടുമ്പോൾ അത് എല്ലാ വശത്തും ഒരുപോലെയാക്കിയെടുക്കാം. ഒരു വശത്താവുമ്പോൾ അത് കുഴിഞ്ഞ് ഊർജവ്യതിയാനത്തിൽ മോശപ്പെട്ട ഫലങ്ങളുണ്ടാക്കും. കുഴിച്ചെടുത്ത് നിർമ്മാണം നടത്തുന്നതോ പില്ലറിൽ കയറി വന്ന് അടിയിൽ പൊള്ളയാക്കിയിട്ട് അതിൻമേൽ വീടുപണിയുന്നതും നല്ലതല്ല.
വഴികളിലെ ചരിവാണ് എടുത്തു പറയേണ്ട മറ്റൊന്ന്. വഴികൾ ചരിവായി വന്ന് തെക്കിലും പടിഞ്ഞാറിലും കയറാതെ നോക്കണം. അതായത് റോഡിൽ തെക്കും പടിഞ്ഞാറും ചരിവുണ്ടെങ്കിൽ മതിൽ കെട്ടി മറയ്ക്കണം. അവിടെ നിന്ന് വസ്തുവിലേയ്ക്കോ വീട്ടിലേയ്ക്കോ ചരിവായി നോട്ടം വരുന്നത് ഒഴിവാക്കി വിടണം. റോഡിന് പരിഹരിക്കാനാകാത്തവിധമുളള ചരിവുകൾ വന്നാൽ മരങ്ങൾ നട്ട് ആ ഭാഗം ശക്തികൂട്ടുന്നത് നന്നായിരിക്കും. മരങ്ങൾ കൂടുമ്പോൾ ഊർജ പ്രസരണത്തിൽ കാര്യമായ വ്യതിയാനമുണ്ടാവും.