കൊല്ലം: എൺപത്തിയൊന്നിന്റെ നിറവിലും അക്ഷരങ്ങളെയും അറിവുകളെയും പ്രണയിച്ച് അച്ചൻകുഞ്ഞ്. പ്രായത്തിന്റെ അവശത വകവയ്ക്കാതെ സാക്ഷരതാ മിഷന്റെ പരീക്ഷയ്ക്കെത്തിയ വയോധികൻ നാടിനാകെ മാതൃകയായി.
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ 'ഗുഡ് ഇംഗ്ലീഷ്' സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഏറ്റവും പ്രായമുള്ള പഠിതാവാണ് അച്ചൻകുഞ്ഞ്. 1957ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജിതനായെങ്കിലും അൻപത് വർഷത്തിന് ശേഷം 2007ൽ സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതയിലൂടെ വിജയിയായി പഠനം പുനരാരംഭിച്ചു. തുടർന്ന് പൊതുപ്രവർത്തനത്തിൽ സജീവമായ അച്ചൻകുഞ്ഞ് 2019ൽ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിലും വിജയം നേടി.
നിലവിൽ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബി.എ ചരിത്ര വിദ്യാർത്ഥിയാണ്. ഇതിനിടെയാണ് സർട്ടിഫിക്കറ്റ് കോഴ്സിന് ചേർന്നത്. സാക്ഷരതാ പരിപാടിയിൽ ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. മരണശേഷം തന്റെ ശരീരം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പഠനാവശ്യത്തിനായി നൽകണമെന്നാണ് ഈ അക്ഷരപ്രേമിയുടെ ആഗ്രഹം.
ജില്ലയിൽ സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷയിൽ 203 പേരാണ് പങ്കെടുത്തത്. ഗുഡ് ഇംഗ്ലീഷ് കോഴ്സ് പരീക്ഷയിൽ 135 പേരും പച്ചമലയാളം കോഴ്സിന് 68 പേരും പങ്കെടുത്തതായി ജില്ലാ കോ ഓർഡിനേറ്റർ സി.കെ. പ്രദീപ് കുമാർ അറിയിച്ചു.