ചാത്തന്നൂർ: ഗൾഫിൽ നിന്ന് മൂന്നു ദിവസം മുൻപെത്തിയ അച്ഛൻ മോഹനൻ പിള്ളയെ ഒരുനോക്ക് കാണാനാകാതെയും ജ്യേഷ്ഠൻ അജിത് മോഹന്റെ കല്യാണം കൂടാനാകാതെയുമാണ് നാടിന്റെ പ്രിയങ്കരൻ യാത്രയായത്. ദേശീയപാതയിൽ പാരിപ്പള്ളി പഴയ പമ്പിന് മുന്നിൽ അപകടത്തിൽ ജീവൻ പൊലിഞ്ഞ സജിത്‌മോഹൻ നാട്ടുകാർക്കും കൂട്ടുകാർക്കും നെഞ്ചുപിളർക്കുന്ന വേദനയായി.
ഗൾഫിൽ നിന്നെത്തിയ അച്ഛൻ മോഹനൻപിള്ള കൊവിഡ് നിരീക്ഷണത്തിലായതിനാൽ മകനുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞിരുന്നില്ല. ജ്യേഷ്ഠൻ അജിത്തിന്റെ വിവാഹം ഉറപ്പിച്ചതിന്റെ സന്തോഷത്തിലായിരുന്നു സജിത്തും കുടുംബാംഗങ്ങളും. ഇതിനുവേണ്ടിയാണ് മോഹനൻപിള്ള നാട്ടിലെത്തിയതും. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം യുവമോർച്ച കല്ലുവാതുക്കൽ ഏരിയാ പ്രസിഡന്റെന്ന നിലയിൽ നാട്ടിൽ സജീവമായിരുന്നു. നാവായിക്കുളം വെട്ടിയറയിലെ വെൽഡിംഗ് വർക്ക് ഷോപ്പിലെ ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു അമിതവേഗതയിൽ പാഞ്ഞെത്തിയ വെറ്ററിനറി ആംബുലൻസ് സജിത്തിന്റെ ജീവൻ കവർന്നത്.