ഫോർമാലിൻ കലർത്തിയ മത്സ്യം വീണ്ടും
കൊല്ലം: പരിശോധനകൾ വഴിപാടായതോടെ ഫോർമാലിൻ കലർത്തിയ മത്സ്യം ജില്ലയിൽ വ്യാപകമാകുന്നു. വില കുറവായതിനാൽ കച്ചവടക്കാർക്കും പ്രിയം ഇത്തരം മത്സ്യത്തോടാണ്. എന്നാൽ വാങ്ങിക്കഴിക്കുന്ന ഉപഭോക്താക്കൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് വഴുതിവീഴുന്നത്.
തമിഴ്നാട്, കർണാടക, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ തുറമുഖങ്ങളിൽ നിന്നാണ് ജില്ലയിൽ പ്രധാനമായും മത്സ്യം എത്തുന്നത്. ബോട്ടുകൾ മത്സ്യം എത്തിക്കുമ്പോൾ തന്നെ കേടാകാതെ രാസവസ്തുക്കൾ ചേർക്കാതെ ശീതീകരിച്ച് എത്തിക്കുന്ന ഏജൻസികളുണ്ട്. എന്നാൽ അവിടെ വിറ്റുപോകാതിരിക്കുന്ന മത്സ്യം സംഭരിച്ച് കേരളത്തിലേക്ക് കൊണ്ടുവരുന്ന സംഘങ്ങളാണ് അമോണിയ, ഫോർമാലിൻ തുടങ്ങിയ രാസവസ്തുക്കൾ ചേർക്കുന്നത്.
ലോക്ക് ഡൗൺ സമയത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന പഴക്കമുള്ള മത്സ്യം വ്യാപകമായി ജില്ലയിൽ പിടികൂടിയിരുന്നു. ലോക്ക് ഡൗൺ പിൻവലിച്ചതോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾക്ക് ഊർജ്ജം നഷ്ടപ്പെട്ടിരിക്കുകയാണ്.
പരിശോധിക്കാൻ ലാബില്ല
രാസവസ്തുക്കൾ ചേർത്തതെന്ന് സംശയിക്കുന്ന മത്സ്യം പിടികൂടിയാൽ പരിശോധിക്കാൻ ജില്ലയിൽ സംവിധാനങ്ങളില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഒരു മൊബൈൽ ലാബ് ജില്ലയിൽ ഉണ്ടെങ്കിലും പാൽ, വെളിച്ചെണ്ണ, വെള്ളം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങളേ അതിലുള്ളു. രാസവസ്തു കലർന്നതെന്ന് സംശയിക്കുന്ന മത്സ്യത്തിന്റെ സാമ്പിൾ തിരുവനന്തപുരം അനലറ്റിക്കൽ ലാബിലാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ആഴ്ച കരുനാഗപ്പള്ളിയിലെ കമ്മിഷൻ കടകളിൽ നിന്ന് ശേഖരിച്ച മത്സ്യ സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. കുറഞ്ഞത് 15 ദിവസമെങ്കിലുമെടുക്കും ഫലം ലഭിക്കാൻ.
കിറ്റും കാണാനില്ല
മത്സ്യത്തിൽ അമോണിയ കലർത്തിയത് കണ്ടെത്താൻ സെന്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ആൻഡ് ടെക്നോളജി വികസിപ്പിച്ചെടുത്ത കിറ്റ് സർക്കാർ രംഗത്തിറക്കിയിരുന്നു. പക്ഷെ അദ്യഘട്ടത്തിൽ മാത്രമാണ് ഈ കിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പിന് പരിശോധനയ്ക്ക് ലഭിച്ചത്. മാസങ്ങളായി ഈ കിറ്റ് ലഭിക്കുന്നില്ല.
മായം കണ്ടെത്തുന്നത് ഇങ്ങനെ
1. കണ്ണിന്റെ തിളക്കം
2. ചെകിളയുടെ നിറം
3. മാംസത്തിന്റെ ഉറപ്പ്, ഗന്ധം
''
ഒരു ധൈര്യത്തിനാണ് പഴകിയ മത്സ്യമെന്ന് തോന്നുന്നവ പിടിച്ചെടുത്ത് നശിപ്പിക്കുന്നത്. ആരെങ്കിലും ചോദ്യം ചെയ്താലോ കോടതിയിൽ പോയാലെ ശാസ്ത്രീയ തെളിവുകളില്ല.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ