സീസൺ ടിക്കറ്റും ട്രെയിനുമില്ല, പൊറുതിമുട്ടി ജനം
കൊല്ലം: കൊവിഡ് കാലത്ത് അടച്ചിട്ടതെല്ലാം സർക്കാർ തുറന്നു, പ്രതിരോധന വാക്‌സിനുമെത്തി. സ്‌കൂളും കോളേജും സർക്കാർ സ്ഥാപനങ്ങളുമെല്ലാം പഴയ പടിയായി. പക്ഷേ തീവണ്ടി ഗതാഗതം മാത്രം പുനഃസ്ഥാപിച്ചില്ല.
നിത്യേന ഓഫീസുകളിലും ഇതര ജോലികൾക്കും പോകേണ്ടവർ അക്ഷരാർത്ഥത്തിൽ നട്ടം തിരിയുകയാണ്. യാത്രാക്കൂലി കൊടുത്ത് പൊറുതി മുട്ടിയ ജനത്തിന്റെ ദുരിതം കാണാൻ ആരുമില്ല. സംസ്ഥാന സർക്കാർ കൈയും കെട്ടിയിരിക്കുമ്പോൾ സർവതിനും സമരം നടത്തുന്ന രാഷ്ട്രീയപാർട്ടികളും മൗനത്തിലാണ്. ശമ്പളത്തിൽ നിന്ന് വീട്ടുചെലവും വായ്പകളും ബില്ലുകളുമടച്ച് കഷ്ടിച്ച് കഴിയുന്നവർക്ക് യാത്രാ ചെലവ് ഇരുട്ടടിയാണ്. ഇതോടെ വീടുകളിലെ ബഡ‌്ജറ്റും താളം തെറ്റി.
യഥാർത്ഥ പ്രശ്നം
തീവണ്ടികളിൽ സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിച്ചിട്ടില്ല. പാസഞ്ചർ തീവണ്ടികളും മെമു സർവീസുകളും അടിയന്തരമായി പുനഃസ്ഥാപിക്കണം. ഇപ്പോൾ റിസർവ് ചെയ്ത് മാത്രമേ യാത്ര ചെയ്യാനാകൂ. മാസത്തിൽ 250 രൂപ യാത്രച്ചെലവ് വേണ്ടിടത്ത് ഇപ്പോൾ 4,000 മുതൽ 6,000 വരെ ചെലവാകും. തീവണ്ടിയിൽ എല്ലാ ദിവസവും റിസർവ് ചെയ്ത് പോകണമെങ്കിൽ മാസം നല്ലൊരു തുക വേണ്ടിവരും. അതായത് കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സെക്കഡ് ക്ലാസ് സ്ലീപ്പർ ടിക്കറ്റിന് 135 രൂപ നൽകണം. തിരിച്ചുള്ള യാത്രയ്ക്ക് കൂടി ആവുമ്പോൾ ദിവസം 270 രൂപ. അങ്ങനെ ഒരു മാസത്തേയ്ക്ക് 7020 രൂപ. മാസങ്ങളായി ഇതാണ് ജനം നേരിടുന്ന സ്ഥിതി.
ജില്ലയുടെ വിവിധ സ്റ്റേഷനുകളിൽ നിന്ന് നിത്യേന പോകുന്നവരുടെ എണ്ണം (റെയിൽവേ തയ്യാറാക്കിയത്)
കൊല്ലം -തിരുവനന്തപുരം: 4,000 - 4,750 നും ഇടയിൽ
കൊല്ലം- ആലപ്പുഴ: 3,250 - 4,000
കൊല്ലം- കോട്ടയം: 5,300 - 6,000
കൊല്ലം -പുനലൂർ: 2,750 - 3,500
ലോക്ക് ഡൗണിന് മുൻപ് സീസൺ ടിക്കറ്റ് നിരക്ക് (എക്സ്‌പ്രസ് ട്രെയിനുകൾ)
കൊല്ലം- തിരുവനന്തപുരം: 270 രൂപ
കൊല്ലം -ചെങ്ങന്നൂർ: 270
കൊല്ലം- കോട്ടയം: 355
കൊല്ലം- പുനലൂർ: 185
കൊല്ലം- എറണാകുളം: 525
കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ടിക്കറ്റ് നിരക്ക് (ഒരു ദിശയിലേയ്ക്ക്).
ലോക്ക് ഡൗണിന് മുൻപ്, ഇപ്പോൾ
കൊല്ലം- തിരുവനന്തപുരം: 64, 84 രൂപ
കൊല്ലം- ആലപ്പുഴ: 77, 97
കൊല്ലം -ചെങ്ങന്നൂർ: 57, 72
കൊല്ലം- പുനലൂർ: 45, 58
"
പല സംസ്ഥാനങ്ങളിലും പാസഞ്ചർ സർവീസുകൾ ആരംഭിച്ചിട്ടും കേരളത്തിൽ നടപടികൾ സ്വീകരിച്ചില്ല. ഇപ്പോൾ ആരംഭിച്ച വെർച്വൽ റിസർവേഷൻ സംവിധാനം സംസ്ഥാന വ്യാപകമാക്കണം.
ജിബിൻ ഇഗ്‌നേഷ്യസ്,
എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥി
"
കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണം. കൊല്ലം -എഗ്മോർ എക്സ്‌പ്രസിന്റെ സമയക്രമം പുനർനിശ്ചയിക്കണം. പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കണം.
ദിപു രവി, സെക്രട്ടറി,
കൊല്ലം - ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോ.
"
ശബരിമല സീസണിൽ പോലും സർവീസുകൾ പുനഃസ്ഥാപിക്കാത്തത് പ്രതിഷേധാർഹമാണ്. സംസ്ഥാന സർക്കാരും പാർലമെന്റ് അംഗങ്ങളും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം.
ടി. അനീഷ്, പ്രസിഡന്റ്,
ശബരി റയിൽവേ ലൈൻ ഫാറം