arrest

 പ്രധാന കണ്ണി എക്സൈസ് സംഘത്തെ വെട്ടിച്ചുകടന്നു

കൊല്ലം: കഞ്ചാവ് വിൽപ്പനക്കാരൻ എത്തിച്ച കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച മങ്ങാട് സ്വദേശിയായ ഗൃഹനാഥൻ പിടിയിലായി. എക്സൈസിന്റെ കൈയിൽ നിന്ന് വഴുതിപ്പോയ കൂട്ടുപ്രതിയായ കരിക്കോട് സ്വദേശി ലിഞ്ചു തങ്കച്ചന് വേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കി.

രണ്ടാഴ്ച മുൻപ് കഞ്ചാവുമായി ബൈക്കിൽ പോകുകയായിരുന്ന ലിഞ്ചു തങ്കച്ചനെ ശാസ്താംകോട്ട വച്ച് എക്സൈസ് സംഘം പിടികൂടാൻ ശ്രമിച്ചിരുന്നു. പക്ഷെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മങ്ങാട് കേന്ദ്രീകരിച്ചാണ് ലിഞ്ചു കഞ്ചാവ് സംഭരിക്കുന്നതെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം ലിഞ്ചുവിന്റെ സുഹൃത്തായ ഗിരീഷിന്റെ വീട്ടിൽ എക്സൈസ് സംഘമെത്തി. അപ്പോൾ കഞ്ചാവും ത്രാസുമായി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്ന ലിഞ്ചു എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടപാടെ ഓടിരക്ഷപ്പെട്ടു. തുടർന്നാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ലിഞ്ചു.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെകർ ഐ. നൗഷാദ്, ഇൻസ്പെക്ടർ ടി. രാജീവ് പ്രിവന്റീവ് ഓഫീസർ നിഷാദ്, ബിനുലാൽ സിവിൽ എക്സൈസ് ഓഫീസർമാരായ നഹാസ്, ശ്രീനാഥ്, മനു കെ. മണി, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. തുടരന്വേഷണം അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷ് ഏറ്റെടുത്തു.