photo
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി.

കരുനാഗപ്പള്ളി: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി കരകയറുന്നു. ആശുപത്രി ജീവനക്കാരും ആശുപത്രി വികസന സമിതിയും ചേർന്ന് മാസങ്ങളായി നടത്തിയ പരിശ്രമത്തിലൂടെയാണ് സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനായത്. കൊവിഡ് നിയന്ത്രണം നിലവിൽ വന്നതോടെ ആശുപത്രിലേക്കെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധിക്ക് മുൻപുവരെ ദിനംപ്രതി 1500 ഓളം രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തിയിരുന്നത്. കൊവിഡ് പിടിമുറുക്കിയതോടെ ദിനംപ്രതി ആശുപത്രിയിലെത്തുന്ന രോഗികൾ 200ൽ താഴെയായി ചുരുങ്ങി. ഇതോടെ ആശുപത്രിയുടെ വരുമാനത്തിൽ വലിയ കുറവുണ്ടായി. കൊവിഡിന് മുൻപ് ആശുപത്രിയുടെ വരുമാനം 45 ലക്ഷം രൂപവരെ എത്തിയിരുന്നു. ലാബിൽ നിന്ന് മാത്രമായി മാസവും 25 ലക്ഷം രൂപയാണ് ലഭിച്ചിരുന്നത്. അതു കൂടാതെ എക്സ്റേ, ഒ.പി ടിക്കറ്ര്, ഡയാലിസിസ് തുടങ്ങിവയിൽ നിന്നുള്ള വരുമാനവും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് തുണയായിരുന്നു. വികസനത്തിന്റെ പാതയിൽ മുന്നേറുമ്പോഴാണ് കൊവിഡ് വില്ലനായെത്തിയത്.

125 താത്കാലിക ജീവനക്കാർ

ആശുപത്രി വികസന സമിതി ശമ്പളം നൽകുന്ന 125 താത്കാലിക ജീവനക്കാരാണ് ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തുന്നത്. ഇവർക്ക് ശമ്പളം നൽകാനായി മാത്രം 18 ലക്ഷത്തോളം രൂപയാണ് മാസവും വേണ്ടി വരുന്നത്. ഇതു കൂടാതെ ആശുപത്രിയുടെ ദൈനംദിന ചെലവുകൾക്കും അറ്രകുറ്റപ്പണിക്കും ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽ നിന്നാണ് പണം ചെലവഴിക്കുന്നത്. വരുമാനം കുറഞ്ഞതോടെ ദൈനംദിന പ്രവർത്തനങ്ങൾപോലും കഴിഞ്ഞ 9 മാസമായി പ്രതിസന്ധിയിലായിരുന്നു. ഇപ്പോൾ കൊവിഡിനെ അതിജീവിച്ച് സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുകയാണ് ആശുപത്രി.

വരുമാനത്തിൽ വർദ്ധനവ്

നിലവിൽ കൊവിഡ് മാനദണ്ഡം പാലിച്ച് രോഗികൾ എത്തിത്തുടങ്ങിയതോടെ വരുമാനത്തിൽ കാര്യമായ വർദ്ധനവുണ്ടായി. നിലവിൽ ആശുപത്രിയുടെ വരുമാനം 22 ലക്ഷമായി ഉയർന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വരുമാനം വർദ്ധിച്ചതോടെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ടു പോവുകയാണ്. വരും മാസങ്ങളിൽ ആശുപത്രിയുടെ വരുമാനം കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.