roa
കൊല്ലം-തിരുമംഗലം ദേശിയ പാതയിൽ നടപ്പാത ഇല്ലാത്ത അണ്ടൂർപച്ച പെട്രോൾ പമ്പിന് സമീപത്തെ കോൺക്രീറ്റ് പാലം.

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ചെറിയ പാലങ്ങളിൽ നടപ്പാത ഇല്ലാത്തത് കാൽനടയാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. വാഹനങ്ങൾ കടന്ന് വരുമ്പോൾ ഒഴിഞ്ഞ് നിൽക്കാൻ സ്ഥലമില്ലാത്താണ് പ്രശ്നം. ദേശീയ പാത കടന്ന് പോകുന്ന പുനലൂരിന് സമീപത്തെ വാളക്കോട് റെയിൽവേ മേൽപ്പാലം, അണ്ടൂർപച്ച, ഉറുകുന്ന് കോളനി ജംഗ്ഷൻ, ഉറുകുന്ന് കനാൽ ജംഗ്ഷൻ, കഴുതുരുട്ടിക്ക് സമീപത്തെ ആനച്ചാടി തുടങ്ങിയ പ്രദേശങ്ങളിലെ പാലങ്ങളിലാണ് നടപ്പാതയില്ലാത്തത്.

വണ്ടിവന്നാൽ ഓടണം

35കോടി രൂപ ചെലവഴിച്ച് മൂന്ന് മാസം മുമ്പ് ദേശീയ പാത നവീകരിച്ച് മോടി പിടിപ്പിച്ചിട്ടും ചെറിയ പാലങ്ങളിൽ നടപ്പാത സ്ഥാപിക്കാനോ, ഇവിടെ വലിയ പാലങ്ങൾ പുനർ നിർമ്മിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായില്ല.ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന അന്തർ സംസ്ഥാന പാതയിലെ ചെറിയ പാലങ്ങളിലാണ് നടപ്പാത ഇല്ലാത്തത്.അമിത വേഗതയിലും മറ്റും ചെറിയ പാലങ്ങളിലൂടെ വാഹനങ്ങൾ കടന്ന് വരുന്നത് കണ്ട് കാൽനട യാത്രക്കാർ പലപ്പോഴും ഓടി രക്ഷപ്പെട്ടിട്ടുണ്ട്.

അധികൃതർ നടപടി സ്വീകരിക്കുന്നില്ല

ദേശീയ പാത കടന്ന് പോകുന്ന കഴുതുരുട്ടി, മുരുൻ പാഞ്ചാലി തുടങ്ങിയ സ്ഥലങ്ങളില ഇടുങ്ങിയ ചെറിയ പാലങ്ങൾ പൊളിച്ച് മാറ്റി പുതിയ പാലങ്ങൾ പുനർ നിർമ്മിച്ചെങ്കിലും ശേഷിക്കുന്ന ചെറിയ പാലങ്ങൾ പൊളിച്ച് മാറ്റി പുതിയ പാലം പുനർ നിർമ്മിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിക്ഷേധം വ്യാപകമാണ്.അണ്ടൂർപച്ച, ഉറുകുന്ന് കോളനി, ഉറുകുന്ന് കനാൽ,ആനച്ചാടി തുടങ്ങിയ സ്ഥലങ്ങളിൽ അര നൂറ്റാണ്ട് മുമ്പ് കോൺക്രീറ്റ് പാലങ്ങൾ പണിതെങ്കിലും പാതയോരത്ത് ആവശ്യത്തിന് നടപ്പാതയില്ലായിരുന്നു. ഇപ്പോൾ ദേശീയ പാത നവീകരിച്ച് വീതി കൂട്ടിയതിനൊപ്പം ചെറിയ പാലങ്ങളുടെയും വീതി വർദ്ധിപ്പിക്കാത്തതാണ് കാൽ നടയാത്രക്കാരെയും, അയൽ സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായി എത്തുന്ന വലിയ ടോറസ് ലോറി ഡ്രൈവറൻമാരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.