ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ കൊവിഡ് വാക്സിനേഷൻ കേന്ദ്രം തുടങ്ങണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തഹസിൽദാരെ ഉപരോധിച്ചു. സംസ്ഥാനത്ത് 133 വാക്സിനേഷൻ കേന്ദ്രങ്ങളുള്ളതിൽ 9 എണ്ണം കൊല്ലം ജില്ലയിലാണ്. സമീപ താലൂക്കിൽ ഒന്നിൽ കൂടുതൽ കേന്ദ്രങ്ങൾ തുറന്നിട്ടും കുന്നത്തൂർ താലൂക്കിൽ ആദ്യഘട്ടത്തിൽ ഒരു കേന്ദ്രം പോലും തുറക്കാൻ കഴിയാത്തത് എം.എൽ.എയുടെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെയും അനാസ്ഥയാണെന്നാണ് യു.ഡി.എഫ് അംഗങ്ങളുടെ ആരോപണം. കൊവിഡ് പ്രധിരോധ വിലയിരുത്തൽ സമിതിയുടെ യോഗത്തിൽ ഇക്കാര്യത്തെ സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചതായി തഹസിൽദാർ പറഞ്ഞു. ഈ ഉറപ്പിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, എസ്. ശശികല, ലതാ രവി, രാജി രാമചന്ദ്രൻ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു. പട്ടികജാതിക്കാരും കർഷക - കശുഅണ്ടി തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന കുന്നത്തൂരിൽ അടിയന്തര പ്രാധാന്യം നൽകി വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ വൈ. ഷാജഹാൻ വ്യക്തമാക്കി.