parking
ചാത്തന്നൂർ ജംഗ്ഷനിൽ നടപ്പാത കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു

ചാത്തന്നൂർ: കാൽനടയാത്രികൾ ചാത്തന്നൂർ ജംഗ്ഷനിലെത്തിയാൽ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. പൊതുവേ ഇടുങ്ങിയ ജംഗ്ഷനിലെ നടപ്പാതകൾ വാഹനങ്ങൾ കൈയേറിയതോടെ അപകടഭീതിയോടെയാണ് ഇവരുടെ സഞ്ചാരം.

ബാങ്കുകൾ, പൊതുചന്ത, വ്യാപാര സ്ഥാപനങ്ങൾ അടക്കം കേന്ദ്രീകരിച്ചിരിക്കുന്ന ചാത്തന്നൂർ ജംഗ്ഷൻ സ്കൂളുകളും കോളേജുകളും തുറന്നതോടെ തിങ്ങിഞെരുങ്ങുകയാണ്. ഇതിനിടെയാണ് അനധികൃത പാർക്കിംഗ് സൃഷ്ടിക്കുന്ന ദുരിതം. ചാത്തന്നൂർ പൊലീസ് സ്റ്റേഷന് സമീപം മുതൽ മുക്കാൽ കിലോമീറ്ററോളം അകലെയുള്ള പോസ്റ്റോഫീസിന് മുന്നിൽ വരെയുള്ള നടപ്പാതകൾ വാഹനങ്ങൾ കൈയേറി. ആവശ്യങ്ങൾക്ക് വന്നുപോകുന്നവരെക്കാൾ രാവിലെ മുതൽ രാത്രി വരെ വാഹനം പാർക്ക് ചെയ്ത് പോകുന്നവരാണ് അധികവും.

മുൻപ് ഇത്തരത്തിലുള്ള പാർക്കിംഗിന് പിഴ ചുമത്തിയിരുന്ന പൊലീസ് നോ പാർക്കിംഗ് ബോർഡിനോട് ചേർന്ന് നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിനെതിരെ പോലും നടപടി സ്വീകരിക്കുന്നില്ല. പ്രദേശത്തെ വ്യാപാരികളും അനധികൃത പാർക്കിംഗ് മൂലം ബുദ്ധിമുട്ടുന്നുണ്ട്. ട്രാഫിക് പൊലീസിന്റെയും ഹോം ഗാർഡുകളുടെയും നിർദ്ദേശം പാലിക്കാതെ വാഹനം പാർക്ക് ചെയ്ത് സ്ഥലംവിടുന്നവരുമുണ്ട്.

 നടപ്പാതയിൽ വാഹന പാർക്കിംഗ് നടത്തുന്നവരിൽ നിന്ന് കർശനമായി പിഴ ഈടാക്കണം. കുറ്റകൃത്യം ആവർത്തിക്കുന്നവർക്കെതിരെ തുടർനടപടിയെടുക്കണം.
അമ്മൂസ് ഹരിലാൽ (യംഗ് മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹി)

 ചാത്തന്നൂരിൽ ഏറെക്കാലമായി അനുഭവിക്കുന്ന പ്രശ്നമാണ് അനധികൃത പാർക്കിംഗ്. അനുയോജ്യമായ ഇടം കണ്ടെത്തി പേ ആൻഡ് യൂസ് മാതൃകയിൽ പാർക്കിംഗ് നടപ്പാക്കാൻ ശ്രമിക്കും. നടപ്പാതയിലെ പാർക്കിംഗ് കർശനമായി നിയന്ത്രിക്കും.
ടി. ദിജു (ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ്)