ഏരൂർ: 2019ലെ ബാലനടിക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ ഒൻപത് വയസുകാരിയായ അനാമിയയ്ക്ക് (ആമി) പ്രതിഭാമരപ്പട്ടം അവാർഡ്. സംസ്ഥാന അദ്ധ്യാപക വനമിത്ര അവാർഡ് ജേതാവായ എൽ. സുഗതൻ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കുട്ടികൾക്ക് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസംതോറും നൽകിവരുന്ന അവാർഡാണിത്.
23ന് അനാമിയയുടെ വസതിയിൽ കൂടുന്ന ചടങ്ങിൽ മന്ത്രി കെ. രാജു അവാർഡ് കൈമാറും. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെയും ഏരൂർ ഗ്രാമ പഞ്ചായത്തിലെയും ജനപ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങ് അനാമിയയ്ക്ക് ജന്മനാട് നൽകുന്ന അംഗീകാരമാവും. ജില്ലയിലെ മലയോര ഗ്രാമമായ ഏരൂർ നെട്ടയം സരോവരത്തിൽ രാജേന്ദ്രന്റെയും സുജിയുടെയും മകളാണ് മൂന്നാംക്ലാസുകാരി അനാമിയ. വിതുര സുധാകരൻ സംവിധാനം ചെയ്ത സമയയാത്ര എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പൊന്നിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചതിനാണ് ആമിക്ക് ബാലനടിക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചത്.
ആദ്യചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡ് എന്ന അപൂർവ നേട്ടത്തിന്റെ സന്തോഷത്തിലാണ് ആമിയും കുടുംബവും. സംസ്ഥാന അവാർഡെന്ന വലിയ ബഹുമതി മലയോര ഗ്രാമത്തിലെത്തിച്ച അനാമിയ നാടിന്റെ അഭിമാനമാണെന്ന് ഏരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.