photo
ആനക്കോട്ടൂർ ഗവ.എൽ.പി സ്കൂളിന് നിർമ്മിച്ച മൂന്ന് നില കെട്ടിടം

കൊല്ലം: പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൂടുതൽ കുട്ടികളെത്തിയതോടെ നിരവധി പേർക്ക് അക്ഷരവെളിച്ചം പകർന്ന മുത്തശ്ശി വിദ്യാലയമായ ആനക്കോട്ടൂർ ഗവ. എൽ.പി സ്കൂൾ ഹൈടെക് സംവിധാനങ്ങളോടെ ന്യൂജെനാകുന്നു. പി. ഐഷാപോറ്റി എം.എൽ.എയുടെ ശ്രമഫലമായി ലഭിച്ച 1.76 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മൂന്ന് നിലയുള്ള കെട്ടിട സമുച്ചയവും കമാനമടക്കമുള്ള മറ്റ് സംവിധാനങ്ങളുമാണ് ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നത്. എട്ടര പതിറ്റാണ്ട് പിന്നിട്ട ഈ പ്രാഥമിക വിദ്യാലയം ഇതുവരെ അപര്യാപ്തതകളുടെ നടുവിലായിരുന്നു. നഴ്സറി വിഭാഗം മുതൽ അഞ്ചാം ക്ളാസ് വരെയുള്ള സ്കൂളിൽ ഇടക്കാലത്ത് കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞ് പ്രതിസന്ധിയിലായിരുന്നു. കൂടുതൽ കുട്ടികൾ ഇവിടേക്കെത്തിയതിനൊപ്പം സ്വകാര്യ സ്കൂളുകളെ വെല്ലുന്ന അത്യാധുനിക സംവിധാനങ്ങളും സജ്ജമാക്കുകയാണ് അധികൃതർ. ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് ഉടൻതന്നെ ഫർണിച്ചറുകളും വാങ്ങും.

1.76 കോടി രൂപ ചെലവിൽ മൂന്നുനില കെട്ടിടം

മനോഹരമായ കവാടം

ഡൈനിംഗ് ഹാൾ

ഹൈടെക് ക്ളാസ് മുറികൾ

ലാബ് സൗകര്യങ്ങൾ

10 ലക്ഷം രൂപയ്ക്ക് മെച്ചപ്പെട്ട ഫർണിച്ചറുകൾ

പഴയ കെട്ടിടം പൊളിക്കണം

പുതിയ കെട്ടിട സമുച്ചയത്തിന് മുന്നിലായി ഇപ്പോഴും പഴയ കെട്ടിടം നിലനിൽക്കുന്നുണ്ട്. 80 വർഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിതെന്ന് നാട്ടുകാർ പറയുന്നു. പുതിയ കെട്ടിടസമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങിയപ്പോൾ പഴയ കെട്ടിടം തത്കാലം നിലനിറുത്താനാണ് ആലോചിച്ചിരുന്നത്. കെട്ടിട നിർമ്മാണം പൂർത്തിയായ സ്ഥിതിക്ക് പഴയ കെട്ടിടം പൊളിച്ച് നീക്കേണ്ടത് അനിവാര്യമാണ്. കുറച്ച് ഭാഗം മാത്രം പൊളിച്ചാലും മതിയാകും.

ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കണം

ഈ വിദ്യാലയത്തിൽ നിന്ന് അക്ഷരവെളിച്ചം ഏറ്റുവാങ്ങിയവരാണ് ഈ നാട്ടിൽ താമസിക്കുന്നവരിൽ അധികവും. സ്കൂൾ ഹൈടെക്കായി മാറുന്നതിന്റെ സന്തോഷം എല്ലാവരിലുമുണ്ട്. അതുകൊണ്ടുതന്നെ വിപുലമായ സംഘാടക സമിതി വിളിച്ചുചേർത്ത് ഉദ്ഘാടനം ഉത്സവമാക്കി മാറ്റണം. പി. ഐഷാപോറ്റി എം.എൽ.എയുടെയും ഗ്രാമ പഞ്ചായത്ത് അധികൃതരുടെയും സൗകര്യംകൂടി നോക്കി സംഘാടക സമിതി വിളിച്ചുചേർക്കും.

(ആർ. ശിവകുമാർ, പി.ടി.എ പ്രസിഡന്റ്)