tk-divakaran-anusmaranam
ടി.കെ. ദിവാകരൻ ചരമവാർഷിക അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി,​ മുൻ മന്ത്രി ഷിബു ബേബി ജോൺ,​ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ,​ എ.എ. അസീസ്,​ മുൻ മന്ത്രി ബാബു ദിവാകരൻ,​ എ. ഷാനവാസ് ഖാൻ തുടങ്ങിയവർ സമീപം

കൊല്ലം: സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുന്നതല്ല ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൊല്ലം ടി.കെ. ദിവാകരൻ പാർക്കിൽ ടി.കെ. ദിവാകരന്റെ 45-ാം ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുകയും പുതിയ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയാണ് വേണ്ടത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ ലോകത്തെ ഏറ്റവും വലിയ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി നടപ്പാക്കിയത് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ്. എൽ.ഡി.എഫ് സർക്കാർ പ്രതിസന്ധിയിൽ അകപ്പെട്ട കശുഅണ്ടി മേഖലയ്ക്ക് വേണ്ടി ബഡ്ജറ്റിൽ ഒരു പദ്ധതിയും ഉൾപ്പെടുത്തിയിട്ടില്ല. വൻതുക കൂലിയായി കിട്ടാനുള്ള തൊഴിലാളികളുണ്ട്. അടഞ്ഞുകിടക്കുന്ന ഫാക്ടറികളെ സർക്കാർ സഹായിക്കുന്നില്ല. സഹായം ലഭിക്കുന്നത് നേരത്തെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ഫാക്ടറികൾക്ക് മാത്രമാണ്. ലോക്ക്ഡൗൺ മൂലം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട വ്യാപാരികൾക്ക് ആശ്വാസ നടപടികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അദ്ധ്യക്ഷ വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ മന്ത്രി ഷിബു ബേബി ജോൺ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, എസ്. ത്യാഗരാജൻ, ജി. രാജേന്ദ്രപ്രസാദ്, ഇടവനശേരി സുരേന്ദ്രൻ, ജെ. മധു, കുരീപ്പുഴ മോഹനൻ എന്നിവർ സംസാരിച്ചു.