toll

 പ്രതിഷേധം ശക്തമാക്കാൻ രാഷ്ട്രീയ പാർട്ടികൾ

കൊല്ലം: ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കുമ്പോൾ ശക്തമായ പ്രതിഷേധങ്ങൾ ഉയരാൻ സാദ്ധ്യത. പിരിവിനെതിരെ സമരം സംഘടിപ്പിക്കുമെന്ന നിലപാടിലാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികളും പോഷക സംഘടനകളും. വിവിധ സാമൂഹിക - സാംസ്കാരിക സംഘടനകളും സമരവുമായി രംഗത്തെത്താൻ സാദ്ധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് ജില്ലാ ഭരണകൂടം ടോൾ പിരിവിനുള്ള പച്ചക്കൊടി വൈകിപ്പിക്കുന്നത്.

''

ബൈപ്പാസിൽ ടോൾ പിരിവ് പാടില്ലെന്നാണ് സി.പി.എമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ജി. സുധാകരൻ കേന്ദ്ര മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി ടോൾ പിരിവിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് കേന്ദ്രം നടപടിയുമായി മുന്നോട്ടുപോകുന്നത്. സർക്കാരിന്റെ അഭിപ്രായം അംഗീകരിക്കാതിരിക്കുമ്പോൾ എതിർപ്പും പ്രതിഷേധവും സ്വാഭാവികമായും ഉയരും.

എസ്. സുദേവൻ

സി.പി.എം ജില്ലാ സെക്രട്ടറി

''

ബൈപ്പാസ് ആറുവരിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനിടയിൽ ടോൾ പിരിച്ചാൽ തടയും. അവഗണിച്ചാൽ ശക്തമായി പ്രതിരോധിക്കും. ജനത്തിന്റെ പണം കൊണ്ട് നിർമ്മിച്ച ബൈപ്പാസിൽ ഫീസ് നൽകേണ്ടിവരുന്നത് പകൽകൊള്ളയാണ്. കാര്യങ്ങൾ സാകൂതം വീക്ഷിക്കുകയാണ്.

ബിന്ദു കൃഷ്ണ

ഡി.സി.സി പ്രസിഡന്റ്

''

ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം തദ്ദേശീയരായ യാത്രക്കാർക്ക് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കലാണ്. ബൈപ്പാസ് നിർമ്മാണത്തിനുള്ള പകുതി പണം ചെലവഴിച്ചത് സംസ്ഥാന സർക്കാരാണ്. ടോൾ പിരിക്കേണ്ടെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇത് കണക്കിലെടുക്കാതെ ടോൾ പിരിവുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കില്ല. ടോൾ പിരിവ് തടയും.

എസ്.ആർ. ആരുൺബാബു

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി

''

ആറുവരി പാതയാകുമ്പോഴെ ബൈപ്പാസ് പൂർണമാവുകയുള്ളു. അതിന് മുൻപുള്ള ടോൾ പിരിവിന് നീതീകരണമില്ല. രാജ്യം മുഴുവൻ ടോൾ രഹിതമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ഇടയ്ക്ക് പറഞ്ഞിരുന്നു. അതിന് ഘടകവിരുദ്ധമായാണ് കൊല്ലത്ത് ടോൾ പിരിവ് ആരംഭിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കും.

വിഷ്ണു സുനിൽ പന്തളം

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി