sheeja

കൊല്ലം: പൂരപ്പറമ്പിൽ ജനം തിങ്ങിനിൽക്കുന്നത് പോലെയാണ് ഉമയനല്ലൂർ ഷിയാസ് മൻസിലിൽ വിവിധ തരം സസ്യങ്ങളും പൂച്ചെടികളും നിറഞ്ഞുനിൽക്കുന്നത്. ആകെയുള്ള 15 സെന്റ് സ്ഥലത്ത് 150 ഓളം വ്യത്യസ്ത ഇനങ്ങളിലുള്ള പതിനായിരത്തോളം സസ്യങ്ങൾ പൂത്തും തളിർത്തും നിൽക്കുകയാണ്. മനം മയക്കുന്ന ഈ ഉദ്യാനത്തിന്റെ പരിപാലകയ്ക്കാണ് ഏറ്റവും മികച്ച പുഷ്പ കർഷകയ്ക്കുള്ള കൃഷി വകുപ്പിന്റെ ഇത്തവണത്തെ ഉദ്യാന ശ്രേഷ്ഠ പുരസ്കാരം.

നാട്ടിലെ സസ്യങ്ങളും പൂച്ചെടികളും മാത്രമല്ല, തായ്ലൻഡിൽ നിന്ന് ഇറക്കുമതി ചെയ്ത ലക്ഷങ്ങൾ വിലയുള്ള സസ്യങ്ങൾ വരെയുണ്ട്. അമ്മയുടെ വാത്സല്യത്തോടെയാണ് ഷീജ സസ്യങ്ങളെ പരിപാലിക്കുന്നത്. ഓരോ ഇനങ്ങൾക്കും അവയ്ക്ക് ആവശ്യമായ പരിചരണം നൽകും. ശാസ്ത്രീയമായി പ്രജനനം നടത്തി വിദേശ സസ്യങ്ങളിൽ നിന്നടക്കം വിത്തുകളും തൈകളും ഉല്പാദിപ്പിക്കും. പുതിയ ട്രെൻഡായ ഇൻഡോർ പ്ലാന്റുകളിലാണ് ഷീജ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ലക്ഷങ്ങൾ നൽകിയാണ് ഷീജ പൂച്ചെടികളും കൗതുക സസ്യങ്ങളും വാങ്ങുന്നത്. ചെടികൾ വിറ്റ് പ്രതിമാസം ഒരുലക്ഷം രൂപയോളം ഈ വീട്ടമ്മ സമ്പാദിക്കുന്നുമുണ്ട്.

12 വർഷം മുൻപ് എല്ലാ വീട്ടമ്മമാരെയും പോലെ വീടിന് മുന്നിൽ പൂച്ചെടികൾ നട്ടുവളർത്തിയാണ് തുടക്കം. ബിസിനസുകാരനായ ഭർത്താവ് ഷിംലാജ് രാവിലെ തന്നെ ജോലിക്കാര്യങ്ങളുമായി ഇറങ്ങും. ഇളയ രണ്ട് മക്കളും സ്കൂളിൽ പോയിത്തുടങ്ങിയതോടെ ഷീജയ്ക്ക് കാര്യമായ ജോലിയൊന്നും ഇല്ലാതെയായി. ഇതോടെ ആറുവർഷം മുൻപാണ് ഉദ്യാനം വിപുലമാക്കിയത്. പ്ലസ് ടു വിദ്യാർത്ഥിയായ ഷിയാസ് മൂത്തമകനാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഷാഹിദ്, ഷബിർ എന്നിവർ ഇളയമക്കളാണ്.