ആർ.രവി
കരുനാഗപ്പള്ളി: മാളിയേക്കൽ റെയിവേ മേൽപ്പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. നാലര പതിറ്റാണ്ടായി നാട്ടുകാരും റെയിൽവേ ആക്ഷൻ കൗൺസിസും ഈ ആവശ്യം ഉന്നയിച്ച് നിരവധി സമരങ്ങൾ നടത്തിയരുന്നു. ആർ.രാമചന്ദ്രൻ എം.എൽ.എ യുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി ഇവിടെ റെയിവേ മേൽപ്പാലം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു. നിർമ്മാണത്തിനായി കിഫ്ബി 35 കോടി രൂപ അനുവദിച്ചു. കരുനാഗപ്പള്ളിയെ കിഴക്കൻ മലയോരവുമായി ബന്ധിപ്പിക്കുന്ന ശാസ്താംകോട്ട റോഡിലെ ആദ്യത്തെ ലെവൽ ക്രോസാണ് മാളിയേക്കൽ.കൊവിഡിന് മുമ്പ് 26 ട്രെയിനുകൾക്ക് 52 സ്റ്റോപ്പുകളാണ് ഉണ്ടായിരുന്നത്. ഓരോ പത്ത് മിനിറ്റിനുള്ളിലും ട്രെയിനുകൾക്ക് കടന്ന് പോകുന്നതിനായി ലെവൽ ക്രോസ് അടച്ചിടുമായിരുന്നു. ഓരോ ദിവസവും മണിക്കൂറുകളാണ് മറ്റ് വാഹന യാത്രക്കാർക്ക് നഷ്ടപ്പെടുത്തുന്നത്. റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ നാലര പതിറ്റാണ്ടായി യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം ആകും.
ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണം
ലെവൽ ക്രോസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗവ.പോളിടെക്നിക്കിന് സമീപത്ത് നിന്നും ആരംഭിക്കുന്ന മേൽപ്പാലം ലെവൽ ക്രോസിന് കിഴക്കുവശമുള്ള മുസ്ലീം തൈക്കാവിന് സമീപം അവസാനിക്കും. വാഹനങ്ങൾക്ക് മേൽപ്പാലത്തിന്റെ വശങ്ങളിലുള്ള റോഡുകളിലേക്ക് പോകുന്നതിനായി രണ്ട് റിംഗ് റോഡുകൾ കൂടി നിർമ്മിക്കും. ചെന്നൈ ഐ.ഐ.ടി യാണ് മേൽപ്പാലത്തിന്റെ പ്ലാൻ തയ്യാറാക്കിയത്. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീപാർവതീപുരം സ്റ്റീൽസ് ലിമിറ്റഡാണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.ഒരു വർഷത്തിനുള്ളിൽ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാറുകാരന് നൽകിയിട്ടുള്ള നിർദ്ദേശം. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്.
പ്രവർത്തനോദ്ഘാടനം 23 ന്
മേൽപ്പാലത്തിന്റെ പ്രവർത്തനോദ്ഘാടനം 23 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. ശിലാസ്ഥാപനത്തിന്റെ അനാച്ഛാദന കർമ്മം ആർ.രാമചന്ദൻ എം.എൽ.എ നിർവഹിക്കും. മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി.സുധാകരൻ, എ.എം.ആരിഫ് എം.പി, കെ. സോമപ്രസാദ് എം.പി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിക്കും. ചടങ്ങിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ആർ.രാമചന്ദ്രൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, കാപ്പക്സ് ചെയർമാൻ പി.ആർ.വസന്തൻ, കേരഫെഡ് ഡയറക്ടർ ആർ.സോമൻപിള്ള, ജെ.ജയകൃഷ്ണണപിള്ള പാലക്കോട്ട് സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.