rail
കൊ​ല്ലം​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ടി​ക്ക​റ്റെ​ടു​ക്കാ​ൻ​ ​നി​ൽ​ക്കു​ന്ന​വ​രു​ടെ​ ​തി​ര​ക്ക്

 നടപടി ജനദ്രോഹം, ജില്ലയിലെ എം.പിമാർ പ്രതികരിക്കുന്നു

കൊല്ലം: കൊവിഡ് അൺലോക്കിനെ തുടർന്ന് എല്ലാമേഖലയും തുറന്നുകൊടുത്തിട്ടും പാസഞ്ചർ ട്രെയിനുകൾ ഓടിക്കാത്തതും സീസൺ ടിക്കറ്റ് പുനരാരംഭിക്കാത്തതും ജനദ്രോഹമാണെന്ന് കൊല്ലത്തെ എം.പി മാർ പറഞ്ഞു. ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച 'ട്രെയിൻ യാത്ര പോക്കറ്റിൽ ഒതുങ്ങില്ല' എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു എം.പിമാർ.
പ്രതിരോധ വാക്‌സിൻ വന്നിട്ടുപോലും പഴയ യാത്രാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പതിവ് യാത്രക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും ബാധിക്കുന്ന വലിയ പ്രശ്‌നമാണിത്. അടിയന്തരമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇക്കാര്യം പരിഗണിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

''

സിനിമാതീയേറ്ററും ഷോപ്പിംഗ് മാളുകളും സ്‌കൂളും കോളേജുമെല്ലാം തുറന്നിട്ടും പാസഞ്ചർ ട്രെയിനുകൾ ഓടിക്കാത്തതും സീസൺടിക്കറ്റ് പുനഃസ്ഥാപിക്കാത്തതും ന്യായീകരിക്കാനാവില്ല. വൻ തുക ചെലവാക്കി യാത്ര ചെയ്യേണ്ടിവരുന്നത് കഷ്ടമാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണം.

എൻ.കെ. പ്രേമചന്ദ്രൻ എം.പി

''

വലിയ തുക ചെലവാക്കി യാത്ര ചെയ്യേണ്ടിവരുന്നത് സ്ഥിരം യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. ജനത്തെ ദ്രോഹിക്കുകയാണ് റെയിൽവേ ചെയ്യുന്നത്. ഇക്കാര്യം പലതവണ റെയിൽവേയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. അടിയന്തരമായി സീസൺടിക്കറ്റ് പുനഃസ്ഥാപിക്കുകയും പാസഞ്ചർ - മെമു സർവീസുകൾ ആരംഭിക്കുകയും വേണം.

എ.എം. ആരിഫ് എം.പി

''

പാസഞ്ചർ - മെമു ട്രെയിനുകൾ പുനഃസ്ഥാപിക്കാനും സീസൺ ടിക്കറ്റ് ആരംഭിക്കാനും റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും അനുമതി വേണമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. 23ന് വിളിച്ചിട്ടുള്ള എം.പി മാരുടെ ഓൺലൈൻ മീറ്റിംഗിൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

കൊടിക്കുന്നിൽ സുരേഷ് എം.പി

''
ട്രെയിൻ യാത്രക്കാരുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ഏറെ ഗൗരവകരമാണ്. സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ദുരിതം സമ്മാനിക്കുന്നതാണിത്. മെമു - പാസഞ്ചർ സർവീസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണം. ഇതിനാവശ്യമായ ഇടപെടലുകൾ നടത്തും. ജനദ്രോഹ നടപടി ഒഴിവാക്കണം.

കെ. സോമപ്രസാദ് എം.പി

''
കൊവിഡ് മുതലെടുത്ത് റെയിൽവേ യാത്രക്കാരെ പിഴിയുകയാണ്. സർവമേഖലയും സർക്കാർ തുറന്നു. ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും യാത്ര ചെയ്‌തേ മതിയാവൂ. ശമ്പളത്തിന്റെ വലിയൊരു ഭാഗം യാത്രയ്ക്ക് ചെലവിടേണ്ട അവസ്ഥയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി.

ജെ. ലിയോൺസ്, സംസ്ഥാന ജന. സെക്രട്ടറി

ഫ്രണ്ട്‌സ് ഓൺ റെയിൽസ്