പടിഞ്ഞാറേക്കല്ലട: കാരാളിമുക്ക് വളഞ്ഞവരമ്പ് റോഡിൽ കോതപുരം വാർഡിലെ വർഷങ്ങൾ പഴക്കം ചെന്ന വെട്ടിയതോട് പാലത്തിന്റെ സമാന്തര റോഡിനായി സ്ഥലവും വീടും വിട്ടു കൊടുത്ത ഉടമകൾ സാമ്പത്തിക പ്രതിസന്ധിയിൽ. സമാന്തര റോഡിനായി റവന്യൂ വിഭാഗം ജീവനക്കാർ സ്ഥലവും വീടും അളന്ന് കല്ലിട്ട് തിരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. പാലം പണി ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിൽ സ്ഥലത്തെ താമസക്കാർ പുതിയ വീട് വച്ച് താമസം മാറുകയും ചെയ്തു. ബാങ്കുകളിൽ നിന്നും മറ്റു സ്വകാര്യ ധന ഇടപാട് സ്ഥാപനങ്ങളിൽ നിന്നും പൈസാ കടം എടുത്താണ് മിക്കവരും പുതിയ വീടുകൾ വച്ചത്. ഏറ്റെടുത്തസ്ഥലത്തിന്റെയും വീടിന്റെയും വില സർക്കാരിൽ നിന്ന് ഉടൻ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരിൽ പലരും.
തൊഴിലും വരുമാനവും ഇല്ലാതെയായി
കൊവിഡ് പ്രതിസന്ധിയായതോടെ തൊഴിലും വരുമാനവും ഇല്ലാതെയായി. അതോടെ വീടിന്റെ വായ്പാ തിരിച്ചടവും ബുദ്ധിമുട്ടിലായി. പാലം നിർമ്മിയ്ക്കാൻ സർക്കാർ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ 3.27 കോടി രൂപ അനുവദിച്ചിരുന്നു. 13 ഭൂ ഉടമകളുടെ സ്ഥലമാണ് സമാന്തര റോഡിനായി അളന്ന് തിരിച്ച് കല്ലിട്ട് മാറ്റിയിട്ടുളളത്.വർഷങ്ങളായി ഇതിന്റെ നടപടിക്രമങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും പാലത്തിന്റെ ടെണ്ടർ നടപടി എപ്പോൾ നടക്കും എന്ന് ആർക്കും അറിയില്ല. കഴിഞ്ഞ ദിവസവും കൊല്ലം കളക്ടറേറ്റിലെ എൽ .എ .വിഭാഗം തഹസീൽദാറും സംഘവും സ്ഥല പരിശോധന നടത്തി മടങ്ങുകയുണ്ടായി. എത്രയും വേഗം പുതിയ പാലത്തിന്റെ പണി തുടങ്ങാനും സമാന്തര റോഡിനായി ഏറ്റെടുത്ത ഭൂമിയുടെയും വീടിന്റെയും വില സർക്കാരിൽ നിന്ന് ലഭിക്കാനും വേണ്ട നിയമ നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ഭൂ ഉടമകളുടെ ആവശ്യം .
നാല് വർഷം മുമ്പ് പാലം പണി ഉടൻ തുടങ്ങുമെന്നും താമസിച്ചു കൊണ്ടിരിയ്ക്കുന്ന വീട് പൊളിച്ച് മാറ്റേണ്ടിവരും
അപ്പോൾ സർക്കാരിൽ നിന്ന് പണം ലഭിക്കും എന്ന് കരുതി ബാങ്കിൽ നിന്നും വായ്പ എടുത്ത് വീട് വച്ചു. ഇപ്പോൾ നാട്ടിൽ തൊഴിലില്ലാതായതോടെ തിരിച്ചടവും മുടങ്ങി.ദൈനംദിന ജീവിതം ഏറെ ബുദ്ധിമുട്ടിലാണ്.
അമൃതലാൽ (വസ്തു ഉടമ). കിഴക്കേ തോട്ടുകര വീട് . കോതപുരം.
പാലം പണിയുടെ നടപടി ക്രമങ്ങൾ വൈകുന്നതാണ് വർഷങ്ങൾക്ക് മുമ്പ് അളന്ന് തിരിച്ച് മാറ്റിയ വീടിന്റെയും സ്ഥലത്തിന്റെയും നഷ്ടപരിഹാരത്തുക സർക്കാരിൽ നിന്നും ലഭിയ്ക്കാത്തത്. ബാങ്ക് വായ്പ എടുത്താണ് പുതിയ വീട് വച്ചത്. വായ്പ തിരിച്ചടവ് മുടങ്ങിയതിൽ ഏറെ വിഷമത്തിലാണ്.
പ്രസാദ് (
വസ്തു ഉടമ)
തോട്ടുകര വീട് . കോതപുരം .