anil-kumar

കൊല്ലം: ബിരുദവും ബിരുദാനന്തര ബിരുദവും ഫിസിക്സിലാണെങ്കിലും എ. അനിൽകുമാറിന് പ്രണയം കെമിസ്ട്രിയോടായിരുന്നു. ഒടുവിൽ മണ്ണിന്റെ കെമിസ്ട്രി ഹൃദിസ്ഥമാക്കി പൊന്നുവിളയിച്ച അനിൽകുമാറിനെ പട്ടികജാതി വിഭാഗത്തിലെ മികച്ച കർഷകനുള്ള കൃഷി വകുപ്പിന്റെ കർഷക ജ്യോതി പുരസ്കാരം തേടിയെത്തിയിരിക്കുകയാണ്.

ഗവ. യു.പി സ്കൂൾ അദ്ധ്യാപകനായിരുന്ന അച്ഛൻ ആനന്ദൻ നല്ലൊരു കൃഷിക്കാരനായിരുന്നു. പഠനം പൂർത്തിയായപ്പോൾ അനിൽകുമാർ എല്ലാ ചെറുപ്പക്കാരെയും പോലെ ജോലിക്ക് വേണ്ടി പരക്കം പാച്ചിൽ തുടങ്ങി. ഇതിനിടയിലാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ നാല് ഏക്കർ സ്ഥലത്താണ് കൃഷി. ഇതിൽ 96 സെന്റ് മാത്രമാണ് സ്വന്തമായുള്ളത്. ബാക്കി സ്ഥലം പരിചയക്കാരിൽ നിന്ന് പാട്ടത്തിനെടുത്തതാണ്. അവിടെ ഇല്ലാത്തതായ വിളകളൊന്നുമില്ല. നെല്ല്, വാഴ, ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ ഇങ്ങനെ നീളുന്നു കൃഷിയിനങ്ങൾ. ഇതിന് പുറമേ ആട്, കോഴി, താറാവ്, പശു എന്നിവയുമുണ്ട്. രാസവളം വളരെക്കുറച്ച് മാത്രമേ ഉപയോഗിക്കാറുള്ളു. അതും കൃഷി വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള യൂറിയയും പൊട്ടാഷും മാത്രം.

കൃഷിയോട് പ്രണയമാണെങ്കിലും അദ്ധ്യാപകനാവുകയാണ് സ്വപ്നം. മലപ്പുറം ജില്ലയിലെ എച്ച്.എസ്.എ ഫിസിക്കൽ സയൻസ് റാങ്ക് ലിസ്റ്റിലുണ്ട്. നെടുമ്പന, നല്ലില പഴവൂർ കോണത്ത് വീട്ടിലാണ് താമസം. അച്ഛൻ പത്തുവർഷം മുൻപ് മരിച്ചു. അമ്മിണിയാണ് അമ്മ. നാല് സഹോദരിമാരും ഒരു ജ്യേഷ്ഠനുമുണ്ട്. അവിവാഹിതനാണ്.