കൊല്ലം : വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ കൊവിഡ് കാലഘട്ടത്തിൽ നടത്തിയ കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പിന്റെ ഉദ്ഘാടനം ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ നിർവഹിച്ചു. കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് കാർഷിക പദ്ധതി നടപ്പാക്കിയത്. തക്കാളി, വെണ്ട, പച്ചമുളക്, വഴുതന, കോളിഫ്ലവർ, ചീര, അമരപ്പയർ തുടങ്ങിയവയാണ് പൂർണമായും ജൈവകൃഷി പദ്ധതിയിലൂടെ വിളയിച്ചെടുത്തത്. കോളേജിന്റെ പരിസര പ്രദേശങ്ങളിലും ടെറസിലുമാണ് കൃഷി ചെയ്തത്. ടെറസിലെ തക്കാളിത്തോട്ടമാണ് പ്രധാന ആകർഷണം. ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് കോളേജിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. അനിത ശങ്കർ, പ്രോഗ്രാം ഓഫീസർ സിംപിൾ ജെ.എൽ. , എൻ.എസ്.എസ് വാളണ്ടിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി. എസ്.എൻ.ഇ.എസ് ട്രഷറർ പ്രൊഫ. ജി. സുരേഷ്, ജോയിന്റ് സെക്രട്ടറി ഗിരിലാൽ എന്നിവർ പങ്കെടുത്തു.