തെന്മല : പ്രകൃതിയുടെ പച്ചപ്പിലേയ്ക്ക് വിനോദസഞ്ചാരികളെ ക്ഷണിച്ച് റോസ്മല. കുറഞ്ഞ ചെലവിൽ കൂടുതൽ കാഴ്ചകളാണ് റോസ്മലയിൽ കാത്തിരിക്കുന്നത്. പുനലൂരിൽനിന്ന് 44 ഉം തെന്മലയിൽ നിന്ന് 23 ഉം കിലോമീറ്റർ യാത്രാദൂരമുണ്ട്. ആര്യങ്കാവിൽനിന്ന് 10 കിലോമീറ്ററോളം ഉൾവനത്തിലൂടെയാണ് യാത്ര. തുടക്കത്തിൽ മാത്രമാണ് കുറച്ച് വീടുകളുള്ളത്. പിന്നീട് വിജനമായ കാനന പാതയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നുംതന്നെ പാതയിൽ നിക്ഷേപിക്കാൻ പാടില്ല. റോസ്മലയിലേക്കുള്ള 4 കിലോമീറ്റർ ദൂരമുള്ള കോൺക്രീറ്റ് റോഡ് കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. അതുകൊണ്ടുതന്നെ യാത്ര മുൻപത്തെ പോലെ അത്ര ദുഷ്ക്കരമല്ല. ആര്യങ്കാവിൽ നിന്ന് കോൺക്രീറ്റ് റോഡിലേക്ക് എത്തുന്നവരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുയാണ്. റോഡിന്റെ കയറ്റം അവസാനിക്കുന്നത് ശെന്തുരുണി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന്റെ അടുത്താണ്. ചെക്ക്പോസ്റ്റിന് ശേഷമുള്ള റോഡും തകർന്നു തന്നെ. ഇവിടുത്തെ പ്രധാന തൊഴിൽ കൃഷി തന്നെയാണ്. ആദ്യ കാലത്ത് കുരുമുളക്, ഇഞ്ചി, ഗ്രാമ്പു തുടങ്ങിയവ യഥേഷ്ടം കൃഷി ചെയ്തിരുന്നു. എന്നാൽ വന്യമൃഗ ശല്യം കൂടിയതോടെ റബർ കൃഷിയിലേക്ക് വഴിമാറിത്തുടങ്ങിയിട്ടുണ്ട്. ഇവിടുത്തെ മിക്ക വീടുകളിലും സഞ്ചാരികൾക്ക് വിൽക്കാനായി നാടൻ തേനും വെച്ചിട്ടുണ്ട്.
ശെന്തുരുണിയും കാണാം
ഗ്രാമത്തോട് ചേർന്നു തന്നെയാണ് ശെന്തുരുണി ഇക്കോടൂറിസത്തിന്റെ വ്യൂ പോയിന്റും. ഇവിടേക്കുള്ള പ്രവേശനത്തിന് ഒരാൾക്ക് 25 രൂപയാണ്. ടിക്കറ്റ് എടുത്ത് ഇരുനൂറു മീറ്ററോളം നടന്നാൽ വ്യൂ പോയന്റിൽ എത്താം.
പരപ്പാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തെ കാഴ്ചകൾ അതിമനോഹരമാണ്. ഡാമിലേക്ക് ഒഴുകിയെത്തുന്ന ശെന്തുരുണിയാറും ഉമയാറും ഇവിടെ പതിനഞ്ചോളം ചെറുദ്വീപുകൾ രൂപപ്പെടുത്തിയിരിക്കുന്നു. ഇവിടെ അധികം മനുഷ്യ സ്പർശം ഏറ്റിട്ടില്ല.
റോസ്മലയാറ്റിൽ മുങ്ങിയ റോഡ്
ഒരു സമയത്ത് ഇവിടുത്തുകാർ നടന്നും ചെറുവാഹനങ്ങളിലും എത്തിയിരുന്ന റോഡ് ഈ റോസ്മലയാറ്റിൽ മുങ്ങിക്കിടപ്പുണ്ട്. ഡാം ഉയർന്ന് വെള്ളം പൊങ്ങിയതോടെയാണ് റോഡ് വെള്ളത്തിനടിയിലായത്. തുടർന്നാണ് ഇവിടുത്തുകാർ ഒറ്റപ്പെട്ടതും ആര്യങ്കാവ് വഴി അധിക യാത്ര ചെയ്യേണ്ടിവന്നതും. ഇത്തരത്തിൽ ഇരുപത്തഞ്ച് കിലോമീറ്ററാണ് ഉമയാറും റോസ്മലയാറും ശെന്തുരുണിയാറുമായി നീണ്ടുകിടക്കുന്നത്.
വേനൽ കനക്കുമ്പോൾ ആറിലെ വെള്ളത്തിന്റെ അളവ് താഴുകയും ചെയ്യും. അതോടു കൂടി ദാഹജലത്തിനായി ആനയും കാട്ടുപോത്തും ആറ്റിലേക്കുത്തുന്ന വിദൂര കാഴ്ചയും സഞ്ചാരികൾക്ക് ആസ്വദിക്കാം.
വ്യൂ പോയന്റിന്റെ ഭാഗത്ത് മുൻപ് കയറാൻ അനുവാദമുണ്ടായിരുന്ന വ്യൂ ടവറിൽ വയർലസ് ലൈൻ സ്ഥാപിച്ചിരിക്കുന്നതിനാൽ സഞ്ചാരികൾക്ക് പ്രവേശനമില്ല. അതുകൂടി ഉണ്ടായിരുന്നുവെങ്കിൽ റോസ്മലയെ കുറച്ചുകൂടി ഉയരത്തിൽനിന്ന് ആസ്വദിക്കാൻ കഴിയുമായിരുന്നു. പുതിയ വ്യൂ ടവറും ദൂരകാഴ്ചക്കായി ബൈനോക്കുലർ സംവിധാനവും ഏർപ്പെടുത്തുക കൂടി ചെയ്താൽ സഞ്ചാരികളെ കൂടുതലായി ഇവിടേക്ക് ആകർഷിക്കാനാകും. ഇത് ടൂറിസത്തിന് മറ്റൊരു വരുമാന മാർഗവുമാകും.
തകർന്ന റോഡുകൾ
റോസ്മല ഗ്രാമത്തിൽ നിന്ന് വ്യൂ പോയിന്റിലേക്ക് പോകുന്ന ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന റോഡ് തകർന്നുകിടക്കുന്നത് സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നു. ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ ഇതുവഴി കടന്നുപോകാൻ കഴിയു. മാത്രമല്ല പാതയിലെ കുണ്ടും കുഴിയും ഇരുചക്രയാത്രക്കാരെയും വലയ്ക്കുന്നു. പാത കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് സഞ്ചാരികളുടെയും നാട്ടുകാരുടെയും ആവശ്യം.