c

മുണ്ടയ്ക്കൽ അഗതിമന്ദിരത്തിലെ 80 അന്തേവാസികൾക്ക് കൊവിഡ്

കൊല്ലം: മുണ്ടയ്ക്കൽ അഗതിമന്ദിരത്തിലെ 80 അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിൽ. അഗതിമന്ദിരത്തിലെ മലിനജലം പുറത്തെ ഓടയിലേക്ക് ഒഴുക്കിവിടുന്നതാണ് ആശങ്ക പടർത്തുന്നത്.

ചൊവ്വാഴ്ചയാണ് അഗതി മന്ദിരത്തിലെ 2 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് 80 അന്തേവാസികളിൽ രോഗം സ്ഥിരീകരിച്ചത്. ആകെ 116 അന്തേവാസികളാണുള്ളത്. രോഗബാധിതരിൽ അധികവും 60 വയസ് പിന്നിട്ടവരാണ്. കൊവിഡ് സ്ഥിരീകരിച്ചവരെ ഇവിടെ തന്നെ പാർപ്പിച്ച് ചികിത്സിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ബാക്കിയുള്ളവരെ ജില്ലയിലെ മറ്റേതെങ്കിലും അഭയകേന്ദ്രത്തിലേക്ക് മാറ്റും. നിലവിൽ ആർക്കും കാര്യമായ രോഗലക്ഷണങ്ങളില്ല. ആരോഗ്യസ്ഥിതി മോശമാകുന്നവരെ ആശുപത്രിയിലേക്ക് മാറ്റും. സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിലും എങ്ങനെയാണ് അഗതി മന്ദിരത്തിൽ കൊവിഡെത്തിയതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചിട്ടും അഗതിമന്ദിരത്തിൽ നിന്ന് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നത് തടഞ്ഞിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

അഗതിമന്ദിരത്തിൽ നിന്ന് കാര്യമായി മാലിന്യം പുറത്തേക്ക് ഒഴുക്കുന്നില്ല. പാത്രങ്ങൾ കഴുകുന്ന ജലം മാത്രമാണ് ഓടയിലേക്ക് പോകുന്നത്.

ഡോ. ഡി. ശ്രീകുമാർ ( സെക്രട്ടറി,​ മുണ്ടയ്ക്കൽ അഗതി മന്ദിരം)