c

കൊല്ലം: ചന്ദനത്തോപ്പിൽ സ്കൂട്ടർ യാത്രികൻ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് റോഡ് ഉപരോധവും സംഘർഷവുമുണ്ടാക്കിയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. ചന്ദനത്തോപ്പ് സ്വദേശികളായ അബ്ദുള്ള (22), ഓട്ടോ ഡ്രൈവർ സുധീന്ദ്രൻ (43) എന്നിവരെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. ചന്ദനത്തോപ്പ് സ്വദേശികളായ നിസാർ, അബ്ദുൾ റഷീദ് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. 15ന് രാവിലെ 11ന് ചന്ദനത്തോപ്പിൽ ലോറിക്കടിയിൽപ്പെട്ടാണ് ഇരവിപുരം ചകിരിക്കട അൽഅമീൻ നഗർ 26ൽ കുറവന്റഴികത്ത് സലീം (47) മരിച്ചത്. പൊലീസിന്റെ വാഹന പരിശോധന മൂലമാണ് അപകടമുണ്ടായതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ രണ്ടുമണിക്കൂറോളം റോഡ് ഉപരോധിച്ചതും പൊലീസിനെ തടഞ്ഞുവച്ചതും. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, വഴി തടഞ്ഞ് ഗതാഗതം തടസപ്പെടുത്തൽ എന്നിവയ്ക്കാണ് പ്രതികൾക്കെതിരെ കേസെടുത്തത്. കണ്ടാലറിയാവുന്ന നാല്പത് പേർക്കെതിരെയാണ് കേസെടുത്തിരുന്നത്.