കൊട്ടാരക്കര: കൊട്ടാരക്കര കാടാംകുളത്തുകാരുടെ കുടിവെള്ള ക്ഷാമത്തിന് അറുതിയാകുന്നു.മാടൻകാവ് കുടിവെള്ള പദ്ധതി ട്രയൽ റൺ നടത്തി. 23ന് ഉദ്ഘാടനം ചെയ്യും. ഉയർന്ന പ്രദേശമായതിനാൽ ഇവിടെ കിണർ കുഴിക്കുകപോലും ബുദ്ധിമുട്ടായിരുന്നു. വേനൽക്കാലത്തും മഴക്കാലത്തും കുടിനീരിനായി നാട്ടുകാർ ബുദ്ധിമുട്ടിയിരുന്നതാണ്. അൻപതിൽപ്പരം കുടുംബങ്ങൾക്കായിരുന്നു തീർത്തും ബുദ്ധിമുട്ട്. 2017-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടിവെള്ള പദ്ധതി തയ്യാറാക്കിയതെങ്കിലും നിർമ്മാണം നീണ്ടുപോയി. രണ്ടാം ഘട്ടമായി നഗരസഭ അനുവദിച്ച തുകയും കൂടി ചേർത്താണ് കിണറും പമ്പ് ഹൗസും ജലസംഭരണിയും പൈപ്പ് കണക്ഷനുകളും സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം വൈദ്യുതി ലഭിച്ചതോടെ പദ്ധതി കമ്മിഷൻ ചെയ്യാൻ സജ്ജമായി. നഗരസഭ ചെയർമാൻ എ.ഷാജുവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വാർഡ് കൗൺസിലറും സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് ഉദ്ഘാടനം നടത്താൻ ആലോചിച്ചത്.
തെരുവ് വിളക്കുകളും തെളിഞ്ഞു
കാടാംകുളം ഭാഗത്ത് തകരാറിലായിരുന്നതുൾപ്പടെ എഴുപതിൽപ്പരം തെരുവ് വിളക്കുകൾ തെളിഞ്ഞു. കൗൺസിലർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെരുവ് വിളക്കുകളുടെ തകരാറുകൾ പരിഹരിച്ച് വിളക്ക് തെളിച്ചത്. വെളിച്ചവും വെള്ളവും ഒന്നിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.