കൊട്ടാരക്കര: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പള്ളിക്കൽ ഗീഥിൽ കെ. ശശിധരനാണ് (65, ഗീഥ് കാസറ്റ് കട ഉടമ) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് ബൈക്കിൽ കൊട്ടാരക്കരയിലേക്ക് വരുമ്പോൾ എതിരേ വന്ന ഓട്ടോറിക്ഷ തട്ടിയാണ് അപകടം. സാരമായി പരിക്കേറ്റ ശശിധരനെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിസിറ്റിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണം സംഭവിച്ചു. സംസ്കാരം ഇന്ന് നടക്കും. ഭാര്യ: സി. ഷീല. മക്കൾ: ശ്രുതി, ശരത്ത്. മരുമകൻ: അഭിലാഷ്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.